സൂപ്പർ സ്ട്രൈക്കർക്കായി ബാഴ്സയുടെ ശ്രമം,നീക്കങ്ങൾ ഇങ്ങനെ!
നിലവിൽ തകർപ്പൻ പ്രകടനമാണ് ബാഴ്സ ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സയാണ്.ഇതിനോടകം തന്നെ 40 ഗോളുകൾ അവർ നേടിക്കഴിഞ്ഞു.ലെവന്റോസ്ക്കിയും യമാലും റാഫിഞ്ഞയും അടങ്ങുന്ന മുന്നേറ്റ നിര ഗംഭീര പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ലെവന്റോസ്ക്കി ഈ സീസണിൽ ആകെ 17 ഗോളുകൾ മാത്രം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തകർപ്പൻ ഫോം ബാഴ്സക്ക് സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കേണ്ടതുണ്ട്. ഒരുപാട് കാലമൊന്നും ലെവയെ ആശ്രയിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ ബാഴ്സ ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്. മറ്റാരുമല്ല,സ്പോർട്ടിങ് സിപിയുടെ സ്വീഡിഷ് സൂപ്പർതാരമായ വിക്ടർ ഗ്യോക്കേറസിനെയാണ് ബാഴ്സലോണ ലക്ഷ്യം വെക്കുന്നത്. പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബാഴ്സയുടെ സ്പോർട്ടിംഗ് ഡയറക്ടർ ആയ ഡെക്കോ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. താരത്തിന്റെ ക്യാമ്പുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. നിലവിൽ ഗ്യോക്കേറസിന് സ്പോർട്ടിങ്ങുമായി ഒരു അഗ്രിമെന്റ് ഉണ്ട്. 60 മില്യണും 70 മില്യണും ഇടയിലുള്ള ഒരു തുക ലഭിച്ചാൽ മാത്രമായിരിക്കും അദ്ദേഹം ക്ലബ്ബ് വിടുക. അതായത് താരത്തെ കൊണ്ടുവരണമെങ്കിൽ ബാഴ്സ ഇത്രയും വലിയ ഒരു തുക മുടക്കേണ്ടി വന്നേക്കും.
കൂടാതെ പല ക്ലബ്ബുകൾക്കും താല്പര്യമുള്ള താരം കൂടിയാണ് ഗ്യോക്കേറസ്.അമോറിം യുണൈറ്റഡ്ലേക്ക് പോയതുകൊണ്ട് തന്നെ ഗ്യോക്കേറസിനെ സ്വന്തമാക്കാൻ അവർ ശ്രമങ്ങൾ നടത്തും എന്നുള്ള റൂമറുകളും സജീവമാണ്.26 വയസ്സുള്ള താരം മാസ്മരിക പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പോർച്ചുഗീസ് ലീഗിൽ 10 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ ഇതിനോടകം തന്നെ അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്.