സൂപ്പർ താരത്തിന് പരിക്ക്, ഗംഭീരവിജയത്തിനിടയിലും ബാഴ്സക്ക് തിരിച്ചടി !

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ റയൽ ബെറ്റിസിനെ തകർത്തു വിട്ടത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ അൻസു ഫാറ്റിക്ക് സാധിച്ചിരുന്നു. എന്നാൽ വേണ്ട വിധത്തിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. മാത്രമല്ല 1-1 എന്ന സ്‌കോറിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം താരത്തെ പിൻവലിക്കുകയും പകരം മെസ്സിയെ ഇറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന് പരിക്കേറ്റതായി എഫ്സി ബാഴ്സലോണ സ്ഥിരീകരിച്ചിരിക്കുന്നു. പതിനെട്ടുകാരനായ താരത്തിന്റെ കാൽമുട്ടിനാണ് ഇഞ്ചുറി സ്ഥിരീകരിച്ചിരിക്കുന്നത്. താരം എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് വ്യക്തമല്ല.

” ആദ്യ പകുതിയുടെ സമയത്ത് അദ്ദേഹത്തിന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ റിസ്ക്ക് എടുക്കാൻ തയ്യാറായിരുന്നില്ല. അതാണ് അദ്ദേഹത്തെ ആദ്യ പകുതിയിൽ തന്നെ പിൻവലിക്കാൻ കാരണം ” കൂമാൻ മത്സരശേഷം പറഞ്ഞു. താരത്തിന്റെ പരിക്ക് ബാഴ്സക്കും അതിലേറെ സ്പെയിനിനും തിരിച്ചടിയായിരിക്കുകയാണിപ്പോൾ. ഈ ഇന്റർനാഷണൽ ബ്രേക്കിൽ സൗഹൃദമത്സരത്തിൽ ഹോളണ്ടിനെയും നേഷൻസ് ലീഗിൽ സ്വിറ്റ്സർലാന്റിനെയും ജർമ്മനിയെയും നേരിടാനിരിക്കുകയാണ് സ്പെയിൻ. ഈ മത്സരങ്ങൾ ഫാറ്റിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിന് ശേഷം ലാലിഗയിൽ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സ കളിക്കുന്നത്. ആ മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ അത് ബാഴ്‌സക്ക് തിരിച്ചടിയാവും.

Leave a Reply

Your email address will not be published. Required fields are marked *