സൂപ്പർ താരങ്ങൾ ഗോളടിച്ചു, ബാഴ്‌സക്ക് മിന്നുന്ന വിജയം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സക്ക് മിന്നുന്ന വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വലൻസിയയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. അൻസു ഫാറ്റി, മെംഫിസ് ഡീപേ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരുടെ ഗോളുകളാണ് ബാഴ്‌സക്ക് ജയം സമ്മാനിച്ചത്.ഇതോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.8 മത്സരങ്ങളിൽ നിന്ന് 15 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.
Pure emotion pic.twitter.com/8LjDsHVhmM
— FC Barcelona (@FCBarcelona) October 18, 2021
ഡീപേ, ഫാറ്റി എന്നിവരെ മുൻ നിർത്തിയായിരുന്നു ബാഴ്‌സ ആക്രമണങ്ങൾ നെയ്തിരുന്നത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഹോസെ ഗയ വലൻസിയക്കായി ലീഡ് നേടി. ഒരു തകർപ്പൻ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു താരം ഗോൾ നേടിയത്. എന്നാൽ 13-ആം മിനുട്ടിൽ ഡീപേയുടെ അസിസ്റ്റിൽ നിന്ന് മനോഹരമായ ഗോൾ ഫാറ്റി നേടുകയായിരുന്നു.41-ആം മിനുട്ടിൽ ഫാറ്റിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഡീപേ ലക്ഷ്യം കണ്ടതോടെ ബാഴ്‌സ ലീഡ് നേടി.85-ആം മിനുട്ടിൽ ഡെസ്റ്റിന്റെ അസിസ്റ്റിൽ നിന്നും കൂട്ടീഞ്ഞോ കൂടി ഗോൾ നേടിയതോടെ ബാഴ്‌സ ജയം ഉറപ്പിക്കുകയായിരുന്നു.