സുവാരസും സിമയോണിയും ഉടക്കിൽ? അത്ലറ്റിക്കോയിൽ പ്രശ്നങ്ങൾ പുകയുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ ഗ്രനാഡയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ തോൽവി രുചിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അത്ലറ്റിക്കോ പരാജയപ്പെടുന്നത്. അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലിലും അത്ലറ്റിക്കോ തോൽക്കുകയുമായിരുന്നു.

ഇത് കൊണ്ട് തന്നെ ടീമിൽ ഒരുപാട് പ്രശ്നങ്ങൾ ഇപ്പോൾ പുകയുന്നുണ്ട്.പ്രത്യേകിച്ച് പരിശീലകൻ സിമയോണിയും സൂപ്പർ താരം സുവാരസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ സുവാരസിനെ പിൻവലിച്ചപ്പോൾ അദ്ദേഹം മോശം വാക്കുകൾ ഉപയോഗിക്കുന്നത് വ്യക്തമായിരുന്നു. ഇരുവരും പരസ്പരം മുഖത്തേക്ക് പോലും നോക്കാറില്ല എന്നാണ് ഗോൾ ഡോട്ട് കോം പറയുന്നത്.മാത്രമല്ല മോശം ഫോമിലാണ് നിലവിൽ സുവാരസ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. അവസാനത്തെ എട്ട് മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും സുവാരസിന് നേടാനായിട്ടില്ല. മാത്രമല്ല ഈ സീസണിൽ ആകെ കളിച്ച 23 മത്സരങ്ങളിൽ ആകെ 8 ഗോളുകൾ മാത്രമാണ് താരം നേടിയിട്ടുള്ളത്.

മുന്നേറ്റനിരയിലെ മറ്റു താരങ്ങൾക്കും തിളങ്ങാൻ കഴിയാത്തത് സിമയോണിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അന്റോയിൻ ഗ്രീസ്‌മാൻ വെറും 3 ഗോളുകൾ മാത്രമാണ് ലീഗിൽ നേടിയിട്ടുള്ളത്. ജോവോ ഫെലിക്സ് ആവട്ടെ രണ്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.നാല് ഗോളുകൾ വീതം നേടിയ സുവാരസും എയ്ഞ്ചൽ കൊറേയയുമാണ് ലീഗിൽ ക്ലബ്ബിന്റെ ടോപ് സ്‌കോറർമാർ.

നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് അത്ലറ്റിക്കോ.29 പോയിന്റാണ് അത്ലറ്റിക്കോക്ക് ഉള്ളത്.ഒന്നാം സ്ഥാനക്കാരായ റയലുമായി 16 പോയിന്റിന്റെ വിത്യാസമുണ്ട്. കഴിഞ്ഞ സീസണിൽ മിന്നുന്ന ഫോമിൽ കളിച്ച അത്ലറ്റിക്കോക്ക് ഇതെന്ത് പറ്റി എന്നാണ് ഫുട്ബോൾ ആരാധകർ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *