സുവാരസിനെ തിരികെയെത്തിക്കാൻ ബാഴ്സ, താൽപ്പര്യമില്ലെന്ന് താരം!

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിച്ചിരുന്നു.താരത്തിന് ക്ലബ്ബ് ഒരു യാത്രയപ്പ് നൽകുകയും ചെയ്തിരുന്നു. നിലവിൽ പുതിയ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് സുവാരസുള്ളത്. ലാലിഗയിലെ മറ്റു ക്ലബ്ബുകളിൽ നിന്നും സൗത്ത് അമേരിക്കൻ ക്ലബ്ബുകളിൽ നിന്നുമൊക്കെ സുവാരസിന് ഓഫറുണ്ട്.

അതേസമയം സുവാരസിന്റെ മുൻ ക്ലബ്ബായ fc ബാഴ്സലോണ നിലവിൽ ഒരു സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്.ബയേണിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയെയാണ് ബാഴ്സ ലക്ഷ്യം വെക്കുന്നത്.എന്നാൽ ബയേൺ അദ്ദേഹത്തെ വിടുന്ന ലക്ഷണമില്ല. അതുകൊണ്ടുതന്നെ ബാഴ്സ അധികൃതർ സെക്കൻഡ് ഓപ്ഷൻ എന്ന രൂപേണ സുവാരസിനെ കോൺടാക്ട് ചെയ്തിരുന്നു.

താരത്തെ തിരികെ എത്തിക്കാൻ താൽപര്യമുണ്ട് എന്നായിരുന്നു ബാഴ്സ സുവാരസിനോട് പറഞ്ഞത്. എന്നാൽ ബാഴ്സയിലേക്ക് ഇനി തിരികെ വരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുള്ള കാര്യം സുവാരസ് ബാഴ്സ അധികൃതരെ അറിയിക്കുകയായിരുന്നു. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബാഴ്സക്ക് വേണ്ടി ആറുവർഷം മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് സുവാരസ്. എന്നാൽ 2020ൽ ബാഴ്സ അദ്ദേഹത്തെ ക്ലബ്ബിൽ നിന്നും പുറത്താക്കുകയായിരുന്നു.പിന്നീട് അത്ലറ്റിക്കോയിലേക്ക് ചേക്കേറിയ സുവാരസിന് അവിടെ ലാലിഗ കിരീടം ചൂടാൻ സാധിച്ചു. കഴിഞ്ഞ സീസണിൽ 13 ഗോളുകളും സുവാരസ് നേടിയിട്ടുണ്ട്. നിലവിൽ സെവിയ്യ,വിയ്യാറയൽ,റിവർ പ്ലേറ്റ് എന്നിവരൊക്കെയാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്. ഏതായാലും ബാഴ്സയിലേക്ക് ഇനിയൊരു മടക്കമില്ല എന്നുള്ള കാര്യം സുവാരസ് ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *