സിദാൻ,റൊണാൾഡോ,ബെക്കാം എന്നിവരേക്കാൾ മുന്നിൽ,റയലിന്റെ ഇതിഹാസമായി ബെയ്ൽ പടിയിറങ്ങുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ റയൽ ബെറ്റിസ് സമനിലയിൽ തളച്ചിരുന്നു. ഇരുടീമുകളും ഗോളുകളൊന്നും നേടാതെ പിരിയുകയായിരുന്നു.സൂപ്പർ താരം ഗാരെത് ബെയിലിന് ഈ മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
ഏതായാലും ബെയ്ലിന്റെ റയലിനൊപ്പമുള്ള ലാലിഗ കരിയർ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. ഇനി റയലിന് ചാമ്പ്യൻസ് ലീഗ് ഫൈനൽ മാത്രമാണ് അവശേഷിക്കുന്നത്. ആ മത്സരത്തിലും ബെയ്ൽ കളിക്കാനുള്ള സാധ്യത വളരെയധികം കുറവാണ്.
ഈ സീസണോട് കൂടിയാണ് ബെയ്ലിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കുക.താരം വരുന്ന സമ്മറിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടുമെന്നുള്ളത് നേരത്തെതന്നെ സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ്.
സമീപകാലത്ത് ക്ലബുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും റയലിന്റെ ഇതിഹാസമായി കൊണ്ടുതന്നെയാണ് ബെയ്ൽ പടിയിറങ്ങുന്നത്.റയലിന്റെ പല ഇതിഹാസ താരങ്ങളെക്കാളും ചില കണക്കുകളിൽ ബെയ്ൽ മുന്നിലാണ്.
Gareth Bale leaves Real Madrid a true legend 🤍 pic.twitter.com/Iz1BWEUkgE
— ESPN FC (@ESPNFC) May 20, 2022
റയൽ ഇതിഹാസമായ സിനദിൻ സിദാനേക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ബെയ്ൽ.ഡേവിഡ് ബെക്കാമിനെക്കാൾ കൂടുതൽ അസിസ്റ്റുകൾ ബെയ്ൽ കരസ്ഥമാക്കിയിട്ടുണ്ട്.റൊണാൾഡോ നസാരിയോയേക്കാൾ കൂടുതൽ ഗോളുകൾ ബെയ്ലിന്റെ പേരിലുണ്ട്. ഇങ്ങനെ ഒത്തിരി മികച്ച കണക്കുകൾ അവകാശപ്പെട്ടു കൊണ്ടാണ് ബെയ്ൽ പടിയിറങ്ങുന്നത്.
റയലിന് വേണ്ടി 176 ലാലിഗ മത്സരങ്ങളാണ് ബെയ്ൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 81 ഗോളുകളും 46 അസിസ്റ്റുകളും ബെയ്ൽ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് ലാലിഗ കിരീടങ്ങളും ബെയ്ലിന്റെ പേരിലുണ്ട്.
ഏതായാലും ഏത് ക്ലബ്ബിലേക്കാണ് ബെയ്ൽ ചേക്കേറുക എന്നുള്ളത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ലിവർപൂളിനെ പരാജയപ്പെടുത്തി കൊണ്ട് ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും കൂടെ നേടി ബെയ്ലിന് പടിയിറങ്ങാനാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.