സാവിക്ക് അനുവദിച്ച സമയം അനുവദിച്ചില്ല,മെസ്സി പോയ ഉടനെ 55 മില്യണിന്റെ സൈനിങ് : വിമർശനവുമായി കൂമാൻ
എഫ്സി ബാഴ്സലോണയുടെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ക്ലബ് പരിശീലകനായ റൊണാൾഡ് കൂമാനെ പുറത്താക്കിയത്. പിന്നീട് തൽസ്ഥാനത്തേക്ക് സാവിയെ നിയമിക്കുകയായിരുന്നു.തുടക്കത്തിൽ ബാഴ്സ മോശമായിരുന്നുവെങ്കിലും നിലവിൽ മികച്ച പ്രകടനമാണ് ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതായാലും ബാഴ്സയുടെ മുൻ പരിശീലകനായ കൂമാൻ ക്ലബ്ബിനും പ്രസിഡന്റ് ലാപോർട്ടക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.സാവിക്ക് അനുവദിച്ച സമയം തനിക്ക് അനുവദിച്ചില്ല എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.കൂടാതെ മെസ്സി ക്ലബ് വിട്ട ഉടനെ 55 മില്യണിന്റെ സൈനിങ് ബാഴ്സ നടത്തിയെന്നും അങ്ങനെയായിരുന്നുവെങ്കിൽ മെസ്സിക്ക് എന്ത് കൊണ്ടാണ് ക്ലബ് വിടേണ്ടി വന്നത് എന്നുമുള്ള ഒരു ചോദ്യം കൂടി കൂമാൻ ഉയർത്തുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 4, 2022
” കുറച്ച് കാലത്തേക്ക് നിങ്ങളെന്നെ ക്യാമ്പ് നൗവിൽ കാണില്ല. എനിക്കത് ചെയ്യാൻ കഴിയില്ല. ഈ പ്രസിഡണ്ടിന്റെ കാര്യത്തിൽ ഒന്നും സംഭവിക്കാത്ത പോലെ നടിക്കാൻ എനിക്ക് കഴിയില്ല. പുതിയ പരിശീലകനായ സാവിക്ക് നൽകിയ സമയം അവർ എനിക്ക് അനുവദിച്ചില്ല.അതെന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു.അന്ന് പരിക്കേറ്റ ഒരുപാട് താരങ്ങളുമായാണ് ഞാൻ വർക്ക് ചെയ്തത്. ക്ലബ്ബിന്റെ നിർബന്ധപ്രകാരം എനിക്ക് ചില താരങ്ങളെ പറഞ്ഞു വിടേണ്ടി വന്നിരുന്നു. പക്ഷേ മെസ്സിയെ പറഞ്ഞു വിട്ടതിനുശേഷം ഉടൻതന്നെ 55 മില്യണ് ഫെറാൻ ടോറസിനെ ബാഴ്സ സൈൻ ചെയ്യുന്നതാണ് നമ്മൾ കണ്ടത്. അങ്ങനെയായിരുന്നുവെങ്കിൽ എന്തിനാണ് മെസ്സി പോവേണ്ടി വന്നത്? എല്ലാ പരിശീലകനും സമയവും ക്ഷമയും ബോർഡിൽനിന്നും ആവശ്യമാണ്. പുതിയ സൈനിങ്ങുകൾ നടത്താൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു.സാവി പരിശീലകനാവില്ല എന്നുള്ള കാര്യം ലാപോർട്ട എന്നോട് ആയിരം തവണ പറഞ്ഞിട്ടുണ്ട്.സാവിക്ക് പരിചയസമ്പത്തില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.പക്ഷെ ഞാൻ ലാപോർട്ടക്ക് പറ്റിയ പരിശീലകൻ ആയിരുന്നില്ല ” ഇതാണ് കൂമാൻ പറഞ്ഞത്.
ഈ ജനുവരിയിൽ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപകാലത്ത് ഗോളടിച്ചു കൂട്ടുന്ന ബാഴ്സയെയാണ് കാണാൻ സാധിക്കുക.