വീണ്ടും മെസ്സിയുടെ താണ്ഡവം, ഗ്രനാഡയും കടന്ന് ബാഴ്‌സ മുന്നോട്ട് !

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക്‌ വിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സ ഗ്രനാഡയെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ വീതം നേടിയ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും അന്റോയിൻ ഗ്രീസ്മാനുമാണ് ബാഴ്സക്ക്‌ ഉജ്ജ്വലവിജയം നേടിക്കൊടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി ഇരട്ടഗോളുകൾ അടിച്ചു കൂട്ടുന്നത്. പഴയ മെസ്സിയെ തിരികെ കിട്ടിയ ആവേശത്തിലാണ് ആരാധകർ എല്ലാവരും. മത്സരത്തിന്റെ 35, 42 മിനുട്ടുകളിലാണ് മെസ്സി വലകുലുക്കിയത്. മത്സരത്തിന്റെ 12, 63 മിനുട്ടുകളിലാണ് അന്റോയിൻ ഗ്രീസ്‌മാന്റെ ഗോൾ പിറന്നത്. ജയത്തോടെ പോയിന്റ് ടേബിളിലെ സ്ഥാനം മെച്ചപ്പെടുത്താൻ ബാഴ്‌സക്ക്‌ കഴിഞ്ഞു. 34 പോയിന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ റയലുമായി മൂന്ന് പോയിന്റിന്റെ വിത്യാസം മാത്രമേ നിലവിൽ ബാഴ്‌സക്കൊള്ളൂ.

മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിലാണ് അന്റോയിൻ ഗ്രീസ്‌മാന്റെ ഗോൾ വരുന്നത്. പിന്നാലെ 35-ആം മിനുട്ടിൽ മെസ്സിയും വലകുലുക്കി. ഗ്രീസ്‌മാന്റെ പാസിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് മെസ്സി പന്ത് വലയിലെത്തിച്ചത്. വൈകാതെ തന്നെ അടുത്ത ഗോളും പിറന്നു. മത്സരത്തിന്റെ 42-ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക് മെസ്സി ലക്ഷ്ത്തിലെത്തിക്കുകയായിരുന്നു. വാളിന്റെ താഴ്ഭാഗത്തിലൂടെ എടുത്ത ഫ്രീകിക്ക് എതിരാളികൾക്ക്‌ ഒരവസരവും നൽകാതെ വലയിൽ പതിക്കുകയായിരുന്നു. 63-ആം മിനിട്ടിലാണ് ഗ്രീസ്‌മാൻ ഗോൾപട്ടിക പൂർത്തിയാക്കുന്നത്. ഡെംബലെയുടെ പാസിൽ നിന്നാണ് ഗ്രീസ്‌മാൻ ബാഴ്‌സയുടെ നാലാം ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *