വിവാദ റഫറി ലാഹോസ്‌ വീണ്ടും വിവാദമുണ്ടാക്കി, പിന്നാലെ വിരമിക്കൽ പ്രഖ്യാപനവും!

ഖത്തർ വേൾഡ് കപ്പിലെ അർജന്റീനയും ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് ശ്രദ്ധ നേടിയ റഫറിയാണ് മാത്യു ലാഹോസ്. അത്രയേറെ കാർഡുകളായിരുന്നു അദ്ദേഹം പുറത്തെടുത്തിരുന്നത്. മത്സരശേഷം റഫറിക്കെതിരെ രൂക്ഷ വിമർശനങ്ങൾ എല്ലാവരും ഉയർത്തിയിരുന്നു.

എന്നാൽ അവിടംകൊണ്ടും അവസാനിച്ചില്ല. കഴിഞ്ഞ ലാലിഗ മത്സരത്തിൽ ബാഴ്സയും എസ്പനോളും ഏറ്റുമുട്ടിയപ്പോൾ മത്സരം നിയന്ത്രിച്ചിരുന്നത് ലാഹോസ്‌ തന്നെയായിരുന്നു.അവിടെയും അദ്ദേഹം കാർഡുകൾ വാരിവിതറി. ബാഴ്സയുടെ പരിശീലകനായ സാവി ഈ റഫറിക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.അനാവശ്യമായി അദ്ദേഹം കാർഡുകൾ നൽകുന്നു എന്നായിരുന്നു ബാഴ്സ പരിശീലകൻ ആരോപിച്ചിരുന്നത്.

കഴിഞ്ഞ ദിവസവും ലാഹോസ്‌ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.സെവിയ്യയുടെ കോപ ഡെൽ റേ മത്സരത്തിൽ ഇദ്ദേഹമായിരുന്നു റഫറി. മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിൽ തന്നെ സെവിയ്യയുടെ അർജന്റൈൻ പരിശീലകനായ ജോർഗെ സാംപോളിക്ക് ഇദ്ദേഹം റെഡ് കാർഡ് നൽകുകയായിരുന്നു. ഇതും ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഈ റഫറിക്ക് നേരെ ഇപ്പോൾ ഉയർന്നു വരുന്നത്. ശ്രദ്ധ നേടാനാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഫുട്ബോൾ ആരാധകർ ആരോപിക്കുന്നത്.ഇപ്പോഴിതാ ഇതിന് പിന്നാലെ അദ്ദേഹം തന്നെ വിരമിക്കൽ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അതായത് ഈ സീസണിന് ശേഷം റഫറി വേഷത്തിൽ ഇനി ഉണ്ടാവില്ല എന്നുള്ള കാര്യം ലാഹോസ്‌ അറിയിച്ചു എന്നാണ് Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അവസാനമായി ഇദ്ദേഹം നിയന്ത്രിച്ച മൂന്ന് മത്സരങ്ങളും വിവാദമായതോടുകൂടിയാണ് തന്റെ പ്രൊഫഷൻ അവസാനിപ്പിക്കാൻ ഇദ്ദേഹം തീരുമാനമെടുത്തത് എന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും ഈ സീസണിൽ ഇനിയും ലാഹോസിനെ നമുക്ക് കളിക്കളത്തിൽ കാണാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *