വിനീഷ്യസ് മരണപ്പെട്ടു : വിവാദമായി ബാഴ്സ ആരാധകരുടെ ചാന്റ്.

കഴിഞ്ഞ സ്പാനിഷ് ലീഗിലെ മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ ഡെർബി പോരാട്ടത്തിൽ എസ്പനോളിനെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി ഈ സീസണിലെ ലാലിഗ കിരീടം ബാഴ്സ നേടുകയായിരുന്നു. ഒരിടവേളക്കുശേഷമാണ് ഇപ്പോൾ ബാഴ്സ സ്പാനിഷ് ലീഗ് കിരീടം നേടുന്നത്.

വലിയ ആഘോഷ പരിപാടികളായിരുന്നു താരങ്ങളും ആരാധകരും സംഘടിപ്പിച്ചിരുന്നത്. ലാലിഗ കിരീടം നേടിയതിന് പിന്നാലെ നഗരത്തിലൂടെ ഒരു ബസ് പരേഡ് ബാഴ്സ താരങ്ങൾ സംഘടിപ്പിച്ചിരുന്നു.ഏതായാലും ഇതിനിടെ ഒരു വിവാദ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ബാഴ്സ ആരാധകർ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറിനെ അധിക്ഷേപിക്കുകയായിരുന്നു.

വിനീഷ്യസ് മരണപ്പെട്ടു എന്ന ചാന്റ് ആയിരുന്നു ഇവർ പാടിയിരുന്നത്.ആയിരത്തോളം വരുന്ന ബാഴ്സ ആരാധകർ ഇതിൽ പങ്കാളികളായി എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.ഈ വിഷയത്തിൽ ബാഴ്സ ആരാധകർക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. ലാലിഗയിൽ പലപ്പോഴും വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാവേണ്ടി വന്നിട്ടുള്ള ഒരു താരം കൂടിയാണ് വിനീഷ്യസ്. താരത്തെ വംശീയമായി അധിക്ഷേപിച്ചതിന്റെ എട്ടോളം കേസുകൾ ലാലിഗയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

അതിലൊന്ന് ബാഴ്സ ആരാധകരുടെ പേരിലാണ്. കൂടാതെ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ,ഒസാസുന ആരാധകർ എന്നിവരൊക്കെ ഇത്തരത്തിലുള്ള വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിനീഷ്യസ് ജൂനിയർക്കെതിരെ ഇത്തരത്തിലുള്ള ചാന്റ് ആരാധകർ മുഴക്കുന്നത്. വേൾഡ് കപ്പ് ഫൈനലിന് ശേഷം എംബപ്പേയെ ഇതുപോലെ എമിലിയാനോ മാർട്ടിനസ് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *