വിനീഷ്യസ് പെലെയെ ഓർമ്മിപ്പിക്കുന്നു: റയൽ ഇതിഹാസം!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ തകർപ്പൻ പ്രകടനമാണ് ഈ സീസണിലും പുറത്തെടുക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബൊറൂസിയക്കെതിരെ ഹാട്രിക്ക് പൂർത്തിയാക്കാൻ വിനീഷ്യസിന് സാധിച്ചിരുന്നു.മത്സരത്തിൽ രണ്ട് കിടിലൻ സോളോ ഗോളുകൾ അദ്ദേഹം നേടിയിരുന്നു.വലിയ പ്രശംസയാണ് ഇപ്പോൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരം വിനീഷ്യസാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വിനീഷ്യസിനെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡിന്റെ ഇതിഹാസമായ ബുട്രാഗേനോ രംഗത്ത് വന്നിട്ടുണ്ട്.വിനീഷ്യസ് ജൂനിയർ തന്നെ ബ്രസീലിയൻ ഇതിഹാസമായ പെലെയെയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.ബുട്രാഗേനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“വിനീഷ്യസ് ജൂനിയർ എന്നെ ഓർമിപ്പിക്കുന്നത് പെലെയെയാണ്. വളരെ മനോഹരമായ അത്ഭുതപ്പെടുത്തുന്ന ഒരു ഗോൾ തന്നെയാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരാളെ സംബന്ധിച്ചിടത്തോളം ബെർണാബുവിലേക്ക് വന്ന് ഈ താരത്തിന്റെ മികവ് നേരിട്ട് വീക്ഷിക്കുക എന്നത് വളരെ മനോഹരമായ ഒരു കാര്യം തന്നെയാണ്. ആരാധകർക്ക് വൈകാരികമായ നിമിഷങ്ങൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു ” ഇതാണ് വിനീഷ്യസിനെ കുറിച്ച് റയൽ മാഡ്രിഡ് ഇതിഹാസം പറഞ്ഞിട്ടുള്ളത്.
1984 മുതൽ 1995 വരെയാണ് ഇദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ളത്. അതേസമയം വിനീഷ്യസ് ജൂനിയർ തന്റെ ബാലൺഡി’ഓർ പുരസ്കാരം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.അദ്ദേഹമാണ് ഇത്തവണത്തെ പുരസ്കാര ജേതാവ് എന്നുള്ളത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വരുന്ന തിങ്കളാഴ്ച പാരീസിൽ വച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ വിനിക്ക് ബാലൺഡി’ഓർ ലഭിക്കുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.