വിനീഷ്യസിന് വമ്പൻ ഓഫർ നൽകി സൗദി,താരത്തിന്റെ സ്വപ്നം ബാലൺഡി’ഓർ!
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ലാലിഗയും ചാമ്പ്യൻസ് ലീഗും ലഭിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഈ സൂപ്പർ താരത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ സാധ്യത പട്ടികയിൽ വിനി മുൻപന്തിയിൽ തന്നെയുണ്ട്. അതേസമയം റോഡ്രി,ബെല്ലിങ്ങ്ഹാം എന്നിവർ താരത്തിന് വെല്ലുവിളികൾ സൃഷ്ടിക്കുന്നുമുണ്ട്.
ഇന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ മൂല്യമുള്ള താരങ്ങളിൽ ഒരാളാണ് വിനീഷ്യസ്. അദ്ദേഹത്തെ സ്വന്തമാക്കാൻ സൗദി അറേബ്യ നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നു.അത് വിഫലമായതോടെ അവർ പിന്തിരിയുകയും ചെയ്തിരുന്നു. എന്നാൽ സൗദി വീണ്ടും ശ്രമങ്ങൾ നടത്തി എന്നാണ് സ്പെയിനിൽ നിന്നുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഒരു വലിയ ഓഫർ അദ്ദേഹത്തിന് സൗദി അറേബ്യ നൽകുകയായിരുന്നു.
പക്ഷേ വിനീഷ്യസിന് ഒരല്പം പോലും ചിന്തിക്കേണ്ടി വന്നില്ല. അദ്ദേഹം ഉടൻതന്നെ ആ ഓഫർ നിരസിച്ചിട്ടുണ്ട്. എന്നാൽ സൗദി പിൻവാങ്ങാൻ തയ്യാറല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.കൂടുതൽ ശ്രമങ്ങൾ അവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. പക്ഷേ വിനീഷ്യസ് ജൂനിയർ നിലവിൽ റയൽ മാഡ്രിഡിൽ ഹാപ്പിയാണ്. ഒരു റയൽ മാഡ്രിഡ് താരം എന്ന ബാലൺഡി’ഓർ പുരസ്കാരം നേടുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളിലാണ് വിനിയുള്ളത്. നിലവിൽ റയൽ വിട്ട് എങ്ങോട്ടെങ്കിലും പോവാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.
പല ബ്രസീലിയൻ സൂപ്പർ താരങ്ങളും ഇപ്പോൾ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.നെയ്മർ ജൂനിയർ,ഫാബിഞ്ഞോ,ഫിർമിഞ്ഞോ,അലക്സ് ടെല്ലസ് എന്നിവരൊക്കെ ഇപ്പോൾ സൗദി അറേബ്യയുടെ താരങ്ങളാണ്.കൂടുതൽ താരങ്ങളെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കരിയർ അവസാനിക്കാനായ താരങ്ങളെക്കാൾ യുവതാരങ്ങൾക്കാണ് നിലവിൽ സൗദി മുൻഗണന നൽകുന്നത്.