വിനീഷ്യസിന്റെ അവസ്ഥക്ക് ബ്രസീലിയൻ ക്ലബ്ബ് ഫ്ലമെങ്കോയെ കുറ്റപ്പെടുത്തി റൊണാൾഡോ.

2018ലായിരുന്നു വിനീഷ്യസ് ജൂനിയർ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമംഗോയിൽ നിന്നും റയൽ മാഡ്രിഡില്‍ എത്തിയത്. ആദ്യത്തെ രണ്ട് വർഷങ്ങൾ വിനീഷ്യസിനെ സംബന്ധിച്ചിടത്തോളം അതികഠിനമായിരുന്നു.സ്ഥിരമായി അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മോശം പ്രകടനം നടത്തിയതോടെ വലിയ വിമർശനങ്ങൾ വിനീഷ്യസിന് നേരിടേണ്ടിവന്നു.

എന്നാൽ പിന്നീട് അത്യുഗ്രൻ പ്രകടനമാണ് വിനീഷ്യസ് റയലിന് വേണ്ടി നടത്തിയിരുന്നത്.ഇന്നിപ്പോൾ റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം വിനീഷ്യസാണ്. ഇതേക്കുറിച്ച് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് തുടക്കകാലത്ത് റയലിൽ വിനീഷ്യസ് മോശം പ്രകടനം നടത്താനുള്ള കാരണം ഫ്ളമംഗോയാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.റൊണാൾഡോയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഫ്ലമെങ്കോ നല്ല രീതിയിൽ വിനീഷ്യസിനെ തയ്യാറാക്കിയില്ല. അദ്ദേഹത്തിന്റെ ടെക്നിക്ക് വർധിക്കാൻ ആവശ്യമായ ഒന്നും തന്നെ അവർ ചെയ്തില്ല. അദ്ദേഹത്തിന്റെ ഇടതുകാൽ കൊണ്ട് ബോൾ കണ്ട്രോൾ ചെയ്യാൻ വിനീഷ്യസിന് സാധിച്ചിരുന്നില്ല.റയൽ മാഡ്രിഡിൽ എത്തിയ സമയത്ത് ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. പക്ഷേ ഇന്ന് ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിനീഷ്യസ്. തുടക്കത്തിൽ മോശം പ്രകടനം നടത്തിയപ്പോൾ എല്ലാവരും കരുതിയത് റയൽ മാഡ്രിഡ് അദ്ദേഹത്തെ തിരികെ ബ്രസീലിലേക്ക് തന്നെ അയക്കും എന്നാണ്.പക്ഷേ രണ്ടു വർഷത്തിനിടെ വെള്ളം വീഞ്ഞായി മാറുന്ന പോലെയാണ് അദ്ദേഹം മാറിയത്.ഫ്ലമെങ്കോയിൽ അദ്ദേഹത്തിന് വേണ്ട വിധത്തിലുള്ള പരിശീലനങ്ങൾ അവർ നൽകിയിരുന്നില്ല ” ഇതാണ് റൊണാൾഡോ നസാരിയോ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലാലിഗയിൽ 10 ഗോളുകളും 9 അസിസ്റ്റുകളും നേടാൻ വിനീഷ്യസിന് സാധിച്ചിരുന്നു.റയൽ മാഡ്രിഡിന് വേണ്ടി 200ൽ പരം മത്സരങ്ങൾ കളിച്ച താരം അറുപതോളം ഗോളുകൾ നേടിയിട്ടുണ്ട്. അടുത്ത സീസണിലും താരം തന്നെയാണ് റയലിന്റെ പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *