വിനീഷ്യസിന്റെത് അഭിനയം,അല്ലായിരുന്നുവെങ്കിൽ ചോര വീണേനെ : ആൽബിയോൾ
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു.വിയ്യാറയലായിരുന്നു റയലിനെ സമനിലയിൽ തളച്ചത്.മത്സരത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയലിന് വേണ്ടി ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.
എന്നാൽ മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറും വിയ്യാറയൽ ഡിഫന്ററായ റൗൾ ആൽബിയോളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.വിനീഷ്യസ് ജൂനിയറെ ആൽബിയോൾ കൈമുട്ടു കൊണ്ട് ഇടിച്ചിടുകയായിരുന്നു.എന്നാൽ ഇക്കാര്യം ആൽബിയോൾ നിഷേധിച്ചിട്ടുണ്ട്.താൻ വിനീഷ്യസിനെ കൈമുട്ട് കൊണ്ട് ശരിക്കും ഇടിച്ചിരുന്നുവെങ്കിൽ ചോര പൊടിഞ്ഞേനെ എന്നാണ് ആൽബിയോൾ പറഞ്ഞത്. മത്സരശേഷം മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആൽബിയോളിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 13, 2022
” ഞാൻ വിനീഷ്യസ് ജൂനിയർ വരുന്നത് കണ്ടിട്ടില്ലായിരുന്നു.പക്ഷെ ഞാൻ അദ്ദേഹത്തെ ഇടിച്ചിരുന്നുവെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് ചോരയൊലിപ്പിക്കേണ്ടി വരുമായിരുന്നു.അദ്ദേഹം എന്റെ ഷോൾഡറുമായാണ് കൂട്ടിയിടിച്ചത്.യഥാർത്ഥത്തിൽ അത് എൽബോ ആയിരുന്നുവെങ്കിൽ അദ്ദേഹം കളം വിടേണ്ടി വന്നേനെ ” ഇതാണ് ആൽബിയോൾ പറഞ്ഞത്.
അതേസമയം ഇക്കാര്യത്തിൽ ആഞ്ചലോട്ടിയും തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ” അത് എന്നെ ആശങ്കപ്പെടുത്തുന്നില്ല. ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾ മത്സരത്തിൽ ഫോക്കസ് ചെയ്യേണ്ടതുണ്ട്.നല്ല പ്രകടനമാണ് വിനീഷ്യസ് പുറത്തെടുത്തത്. ഇത്തരം കാര്യങ്ങൾക്ക് അദ്ദേഹം എനർജി പാഴാക്കേണ്ടതില്ല ” ആഞ്ചലോട്ടി പറഞ്ഞു.
ഈ സീസണിൽ മികച്ച പ്രകടനമാണ് വിനീഷ്യസ് കാഴ്ചവെക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല.