വിനീഷ്യസിനെ അധിക്ഷേപിക്കണം, മുഖംമൂടി അണിഞ്ഞു വരാൻ അത്ലറ്റിക്കോ ഫാൻസ്!
ഈ സീസണിലെ ആദ്യ മാഡ്രിഡ് ഡെർബി നാളെയാണ് അരങ്ങേറുന്നത്.നഗരവൈരികളായ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോരാട്ടം നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് നടക്കുക.അത്ലറ്റിക്കോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.
മാഡ്രിഡ് ഡെർബിയിൽ പലപ്പോഴും വിവാദ സംഭവങ്ങളും നടക്കാറുണ്ട്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് പലതവണ അത്ലറ്റിക്കോ ആരാധകരിൽ നിന്നും വംശീയ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.2023 മെയ് മാസത്തിൽ വിനിയെ അധിക്ഷേപിച്ചതിന് 4 അത്ലറ്റിക്കോ ആരാധകർക്ക് സ്റ്റേഡിയം ബാൻ ലഭിച്ചിരുന്നു.രണ്ട് വർഷത്തേക്ക് ആയിരുന്നു ബാൻ ലഭിച്ചിരുന്നത്. മാത്രമല്ല ഇന്റർ മിലാനും അത്ലറ്റിക്കോയും നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി വിനിയെ അത്ലറ്റിക്കോ ആരാധകർ ചിമ്പാൻസി എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് വിനി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ ഒരുക്കമല്ല.വിനിയെ കൂടുതൽ അധിക്ഷേപിക്കാനും പ്രകോപിപ്പിക്കാനും തന്നെയാണ് അവരുടെ തീരുമാനം.പക്ഷേ ശിക്ഷയെ അവർ പേടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചറിയാതിരിക്കാൻ ആയി മുഖംമൂടി അണിഞ്ഞു വരണം എന്നാണ് അത്ലറ്റിക്കോ ആരാധകരുടെ ആഹ്വാനം.വിനീഷ്യസ് ജൂനിയറെ അധിക്ഷേപിക്കാൻ വേണ്ടി അത്ലറ്റിക്കോ ആരാധകർ മുഖംമൂടി ധരിച്ചു കൊണ്ടായിരിക്കും വരിക. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അത്ലറ്റിക്കോ ആരാധകരുടെ ഈ നീക്കം വ്യക്തമായത്.
ഇതിനെതിരെ റയൽ മാഡ്രിഡ് ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്. ശക്തമായ നടപടി ഇത്തരക്കാർക്കെതിരെ എടുക്കണം എന്നാണ് റയൽ ആരാധകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും വിനീഷ്യസിന് നാളത്തെ ഡർബി മത്സരത്തിലും കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല. വലിയ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും അദ്ദേഹത്തിന് ഏൽക്കേണ്ടി വരും.ബൂട്ട് കൊണ്ട് മറുപടി നൽകാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.