വിനിയും ബെല്ലിങ്ങ്ഹാമും തമ്മിലുള്ള പ്രശ്നം, പ്രതികരിച്ച് ആഞ്ചലോട്ടി!

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സെൽറ്റ വിഗോയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിനീഷ്യസ്,എംബപ്പേ എന്നിവർ നേടിയ ഗോളുകളാണ് റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഈ മത്സരത്തിനിടയിൽ വിനിയും ബെല്ലിങ്ങ്ഹാമും തമ്മിൽ ചെറിയ ഒരു പ്രശ്നം ഉടലെടുത്തിരുന്നു.

ഒരു മുന്നേറ്റത്തിൽ വിനീഷ്യസിന് ബെല്ലിങ്ങ്ഹാമിലേക്ക് പാസ് നൽകാനുള്ള ഓപ്ഷൻ ലഭ്യമായിരുന്നു. എന്നാൽ അതിന് പകരം താരം ഷോട്ട് എടുക്കുകയാണ് ചെയ്തത്. ഇത് ബെല്ലിങ്ങ്ഹാമിന് ഒട്ടും പിടിച്ചിരുന്നില്ല. അദ്ദേഹം വിനിയോട് വളരെയധികം ദേഷ്യപ്പെടുകയായിരുന്നു. കൂടാതെ ഗ്രൗണ്ടിൽ കിക്ക് ചെയ്യുകയും ചെയ്തു. തനിക്ക് പാസ് നൽകാത്തതിൽ കടുത്ത അതൃപ്തി ബെല്ലിങ്ങ്ഹാമിന് ഉണ്ടായിരുന്നു.

മത്സരശേഷം മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് ചോദിച്ചിരുന്നു.ബെല്ലിങ്ങ്ഹാം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ബോൾസ് അവനുണ്ട് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അവന് അതിനുള്ള ധൈര്യമുണ്ട് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“നിങ്ങൾ പറഞ്ഞ ഈ സംഭവം ഞാൻ കണ്ടിട്ടില്ല. അത് എനിക്ക് ഒന്ന് പരിശോധിക്കേണ്ടതുണ്ട്. ഇനി ബെല്ലിങ്ങ്ഹാം അങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ, അതിനുള്ള ബോൾസ് അവനുണ്ട്.അത് എന്നെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. മത്സരശേഷം ഞങ്ങളെല്ലാവരും പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തവരാണ്. ടീമിനകത്ത് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. മത്സരത്തിന്റെ അവസാനം വരെ പോരാടുക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ മുന്നിൽ ഉള്ളത്.ഞങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ കളിക്കാമായിരുന്നു. എന്നിരുന്നാലും പ്രധാനപ്പെട്ട മൂന്ന് പോയിന്റുകൾ നേടാൻ ഞങ്ങൾക്ക് സാധിച്ചു ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ടീമിനകത്ത് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കളിക്കളത്തിൽ സംഭവിച്ചത് അവിടെ തീർന്നു എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും അവർക്കിടയിൽ ഒരു പരസ്പരധാരണ ഇല്ലാത്തത് റയലിന് വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *