വല്ലഡോലിഡിനേതിരെ കൂമാൻ പയറ്റിയത് വ്യത്യസ്ഥമായ തന്ത്രം !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ റയൽ വല്ലഡോലിഡിനെ തകർത്തു വിട്ടത്. ബാഴ്സക്ക്‌ വേണ്ടി ലയണൽ മെസ്സി, ക്ലമന്റ് ലെങ്ലെറ്റ്‌, മാർട്ടിൻ ബ്രൈത്വെയിറ്റ് എന്നിവരായിരുന്നു ഗോളുകൾ കണ്ടെത്തിയിരുന്നത്. മത്സരത്തിൽ വ്യത്യസ്ഥമായ ഒരു തന്ത്രമായിരുന്നു കൂമാൻ പയറ്റിയിരുന്നത്.സ്ഥിരമായി ഉപയോഗിച്ച് വരുന്ന ശൈലികൾ കൂമാൻ മാറ്റുകയായിരുന്നു. 3-4-2-1 എന്ന ശൈലിയാണ് കൂമാൻ ഇന്നലെ പയറ്റിയത്. സാധാരണരീതിയിൽ 4-2-3-1 എന്ന ശൈലിയായിരുന്നു കൂമാൻ ഉപയോഗിക്കാറുള്ളത്.മാത്രമല്ല രണ്ട് സൂപ്പർ താരങ്ങളെ ഇലവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മാർട്ടിൻ ബ്രൈത്വെറ്റിനെ മുൻ നിർത്തിയാണ് ആക്രമണങ്ങൾ മെനഞ്ഞത്. പിറകിൽ മെസ്സിയും പെഡ്രിയും അണിനിരന്നു. അതേസമയം സൂപ്പർ താരങ്ങളായ ഫിലിപ്പെ കൂട്ടീഞ്ഞോ, അന്റോയിൻ ഗ്രീസ്‌മാൻ എന്നിവർ കൂമാൻ ഒഴിവാക്കുകയായിരുന്നു. മധ്യനിരയിൽ ബുസ്ക്കെറ്റ്സിന് കൂമാൻ സ്ഥാനം നൽകിയില്ല. പകരം പ്യാനിക്ക്, ഡിജോങ് എന്നിവരെ മധ്യനിരയിൽ അണിനിരത്തി. കൂടാതെ ഫുൾബാക്കുമാരായ ജോർദി ആൽബ, സെർജിനോ ഡെസ്റ്റ് എന്നിവരെയും മിഡ്‌ഫീൽഡിൽ നിയോഗിക്കുകയായിരുന്നു കൂമാൻ. ഇരുവരെയും ആക്രമണത്തിൽ കൂടുതലായിട്ട് പങ്കെടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കൂമാൻ ഇവരെ മധ്യനിരയിലേക്ക് നിയോഗിച്ചത്. പ്രതിരോധത്തിൽ മിങ്കേസ, ലെങ്ലെറ്റ്‌, അരൗഹോ എന്നിവരെയാണ് കൂമാൻ നിയോഗിച്ചത്. മൂന്ന് പേരും തങ്ങളെ ഏല്പിച്ച ചുമതല ഭംഗിയായി നിർവഹിച്ചതോടെ ക്ലീൻഷീറ്റ് നേടാനായി. ഏതായാലും താൻ പയറ്റിയ തന്ത്രം ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് കൂമാൻ. യുവതാരം പെഡ്രിയുടെ മിന്നും പ്രകടനം കൂട്ടീഞ്ഞോയുടെ തിരിച്ചു വരവ് ദുഷ്കരമാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *