വരാനെ യുണൈറ്റഡിൽ, റയൽ നടത്തിയത് ഏറ്റവും വലിയ നാലാമത്തെ വിൽപ്പന!

ഇന്നലെയാണ് തങ്ങളുടെ ഡിഫൻഡറായ റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ കാര്യം റയൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അൻപത് മില്യൺ യൂറോക്കാണ് വരാനെ റയൽ വിട്ടത്.അടുത്ത വർഷം താരം ഫ്രീ ഏജന്റാവാനിരിക്കെയാണ് 50 മില്യൺ യൂറോക്ക്‌ വരാനെ കൂടുമാറിയത്. റയലിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികപരമായി ഇത്‌ നേട്ടമുണ്ടാക്കുന്ന കാര്യമാണ്.

അതേസമയം വരാനെയുടെ വില്പന റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ വിൽപ്പനയാണ്. ഇതിന് മുമ്പ് മൂന്ന് പേരെയാണ് 50 മില്യൺ യൂറോക്ക്‌ മുകളിലുള്ള ഒരു തുകക്ക്‌ റയൽ കൈമാറിയിരിക്കുന്നത്. റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതാണ്. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം 2018-ൽ 105 മില്യൺ യൂറോക്കാണ് റൊണാൾഡോയെ റയൽ യുവന്റസിന് കൈമാറിയത്.

റയലിന്റെ രണ്ടാമത്തെ വലിയ വിൽപ്പന സൂപ്പർ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റയുടേതാണ്.2017-ൽ 80 മില്യൺ യൂറോക്കാണ് താരത്തെ റയൽ ചെൽസിക്ക്‌ നൽകിയത്. മൂന്നാമത്തെ വലിയ വില്പന അർജന്റൈൻ തരാം എയ്ഞ്ചൽ ഡി മരിയയുടേതാണ്.2014-ൽ 75 മില്യൺ യൂറോക്കാണ് റയൽ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൈമാറിയത്. അതിന് ശേഷമാണ് റാഫേൽ വരാനെയുടെ ട്രാൻസ്ഫർ ഇടം നേടിയിരിക്കുന്നത്.

2011-ൽ തന്റെ പതിനെട്ടാം വയസ്സിലാണ് വരാനെ റയലിൽ എത്തിയത്.ഫ്രഞ്ച് ക്ലബായ ലെൻസിൽ നിന്നായിരുന്നു 10 മില്യൺ യൂറോക്ക്‌ താരം സാന്റിയാഗോ ബെർണാബുവിൽ എത്തിയത്. പത്ത് വർഷക്കാലം റയലിനോടൊപ്പം ചിലവഴിച്ച താരം 4 ചാമ്പ്യൻസ് ലീഗും 4 ക്ലബ് വേൾഡ് കപ്പും 3 ലാലിഗയും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!