ലൗറ്ററോയോ നെയ്മറോ? ബാഴ്സ പ്രസിഡന്റിന്റെ മുൻഗണന ഈ താരത്തിന്
വരുന്ന സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ നൗക്യാമ്പിലെത്തിക്കാൻ ശ്രമിക്കുന്ന രണ്ട് താരങ്ങളാണ് ഇന്റർമിലാന്റെ ലൗറ്ററോ മാർട്ടിനെസും പിഎസ്ജിയുടെ നെയ്മർ ജൂനിയറും. മുന്നേറ്റനിരയിൽ മെസ്സിക്ക് പിന്തുണയേകാൻ ഒരു താരം നിർബന്ധമായ ഈയൊരു അവസ്ഥയിൽ ഇരുവരിൽ ഒരാളെ ടീമിൽ എത്തിക്കാൻ തന്നെയാണ് ബാഴ്സയുടെ പ്ലാൻ. മുൻപ് ടീം വിട്ട നെയ്മറെ തിരികെ എത്തിക്കാൻ ബാഴ്സ കഴിഞ്ഞ സീസണിൽ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. എന്നാൽ ഇന്റർമിലാന്റെ യുവസ്ട്രൈക്കെർ ലൗറ്ററോക്ക് വേണ്ടി ബാഴ്സ വലവീശി തുടങ്ങിയത് ഈ സീസണിലാണ്. ഒരുപാട് ഓഫറുകൾ ബാഴ്സ ഇന്ററിന് മുന്നിൽ വെച്ചെങ്കിലും അതെല്ലാം നിരസിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
Barcelona must choose between pursuing Neymar or Lautaro Martínez this summer, as the club are forced to reconsider their transfer plans due to the financial effects of the coronavirus pandemic. Neymar is the preferred option. [espn] pic.twitter.com/YxavP6zEgV
— barcacentre (@barcacentre) March 23, 2020
എന്നാലിപ്പോൾ ബാഴ്സ പ്രസിഡന്റ് ആയ ബർത്തേമു നെയ്മറെ തിരികെ കൊണ്ട് വരുന്നതിനെയാണ് മുൻഗണന നൽകുന്നത്. പ്രമുഖമാധ്യമമായ ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലൗറ്ററോയെയും നെയ്മറെയും ഒരുമിച്ച് ടീമിൽ എത്തിക്കാൻ കഴിയില്ലെന്നും നെയ്മറെ തിരികെ എത്തിക്കാനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ഇതിനോട് അനിഷ്ടം പ്രകടിപ്പിച്ച് ചില ബോർഡ് അംഗങ്ങൾ രംഗത്ത് വന്നതായും റിപ്പോർട്ട് പറയുന്നുണ്ട്. അവർ മുൻഗണന നൽകുന്നത് ലൗറ്ററോ മാർട്ടിനെസിനാണ്. ഏതായാലും ഇരുവരിലൊരാളെ എന്ത് വിലകൊടുത്തും സ്വന്തം തട്ടകത്തിലെത്തിക്കാൻ ബാഴ്സ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.