ലൗറ്ററോക്ക് വേണ്ടി ആ ഡിഫൻഡറെ കയ്യൊഴിയാൻ ബാഴ്സ
ഇന്റർമിലാന്റെ യുവസ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിന് വേണ്ടി ബാഴ്സ ശ്രമങ്ങൾ ആരംഭിച്ചിട്ട് കുറച്ചായി. ഇപ്പോഴിതാ പുതിയൊരു നീക്കവുമായി ബാഴ്സ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇന്റർമിലാൻ താല്പര്യം പ്രകടിപ്പിച്ച ബാഴ്സ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയെ ലൗറ്ററോക്ക് വേണ്ടിയുള്ള ഡീലിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് ബാഴ്സ. കാറ്റലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒട്ടേറെ ക്ലബുകൾ താരത്തിന്റെ പിറകിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
നിലവിൽ 2023 വരെയാണ് താരത്തിന് ബാഴ്സയിൽ കരാറുള്ളത്. ഇരുപത്തിയാറുകാരനായ താരത്തെ വിൽക്കാൻ ബാഴ്സക്ക് പദ്ധതി ഇല്ലായിരുന്നുവെങ്കിലും ഒട്ടേറെ ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചതാണ് ബാഴ്‌സ ഇപ്പോൾ ഇങ്ങനെ ആലോചിക്കാൻ കാരണം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ, നാപോളി, ചെൽസി, ആഴ്‌സണൽ എന്നിവരൊക്കെ തന്നെയും താരത്തിന് വേണ്ടി രംഗത്തുണ്ട്. ഇതോടെ ലൗറ്ററോ ഡീലിൽ താരത്തെ ഉൾപ്പെടുത്താൻ ബാഴ്സ ആലോചിക്കുകയായിരുന്നു. തൊണ്ണൂറ് മില്യൺ യുറോയാണ് ലൗറ്ററോക്ക് വേണ്ടി ഇന്റർ ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ ഒന്നോ രണ്ടോ താരങ്ങളെയും ബാക്കി തുകയുമാണ് ഇന്റർ മുന്നോട്ട് വെക്കുന്നത്.