ലോകത്തെ മികച്ച ടീമാണെന്ന് ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു:എൽ ക്ലാസിക്കോയെ കുറിച്ച് യമാൽ!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണിനെ പരാജയപ്പെടുത്താൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ബാഴ്സ നടത്തിയിരുന്നത്. ഇനി അവരുടെ എതിരാളികൾ ചിരവൈരികളായ റയൽ മാഡ്രിഡാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30നാണ് എൽ ക്ലാസിക്കോ പോരാട്ടം അരങ്ങേറുക.സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന് മുന്നോടിയായി ചില കാര്യങ്ങൾ ബാഴ്സയുടെ യുവ പ്രതിഭയായ ലാമിൻ യമാൽ പങ്കുവെച്ചിട്ടുണ്ട്.ബയേണിനെ തോൽപ്പിച്ചതിലൂടെ ലോകത്തെ മികച്ച ടീമാണെന്ന് തങ്ങൾ തെളിയിച്ചു കഴിഞ്ഞു എന്നാണ് യമാൽ പറഞ്ഞിട്ടുള്ളത്.എൽ ക്ലാസിക്കോയിൽ മികച്ച ടീം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.യമാലിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ബയേണിനെതിരെയുള്ള മത്സരത്തിന് മുന്നേ തന്നെ ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തിൽ ആയിരുന്നു.ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഞങ്ങൾ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.ഈ മത്സരത്തിൽ വിജയിച്ചതിലൂടെ ഞങ്ങൾ അത് തെളിയിക്കുകയും ചെയ്തു.എൽ ക്ലാസിക്കോയിൽ ഞങ്ങൾ എല്ലാ കരുത്തുകളും പുറത്തെടുക്കും. ഏറ്റവും മികച്ച ടീം തന്നെയായിരിക്കും മത്സരത്തിൽ വിജയിക്കുക ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.
ബയേണിനെതിരെയുള്ള മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ യമാലിന് സാധിച്ചിരുന്നു.ഒരു അസിസ്റ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്.നിലവിൽ ബാഴ്സയും റയലും തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ബൊറൂസിയക്കെതിരെ ഗംഭീര വിജയം നേടാൻ അവർക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ എൽ ക്ലാസിക്കോയിൽ ഒരു തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.