ലെജെൻ്റ്സ് എൽ ക്ലാസിക്കോയിൽ റയലിന് വിജയം!
ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കിയ ലെജെൻഡ്സ് എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ FC ബാഴ്സലോണ ലെജെൻ്റ്സിനെ പരാജയപ്പെടുത്തിയത്. റയലിനായി പെഡ്രോ മുനിറ്റിസ്, അൽഫോൻസോ പെരസ്, റൂബെൻ ഡി ലാ റെഡ് എന്നിവരാണ് ഗോളുകൾ നേടിയത്. ബാഴ്സയുടെ ഗോളുകൾ റൊണാൾഡീഞ്ഞോ, ജോഫ്രെ മത്തേയു എന്നിവരുടെ വകയായിരുന്നു.
ടെൽൽ അവീവിലെ ബ്ലൂംഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളിലായി നിരവധി മുൻകാല ഇതിഹാസങ്ങൾ അണിനിരന്നു. റൊണാൾഡീഞ്ഞോ, റിവാൾഡോ, ഡെക്കോ, സാവിയോള, ലൂയി ഫിഗോ, റോബർട്ടോ കാർലോസ് തുടങ്ങിയ അതികായന്മാർ കളത്തിലിറങ്ങിയ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് റൊണാൾഡീഞ്ഞോ ആയിരുന്നു. കളിയുടെ ഇരുപത്തിയെട്ടാം മിനുട്ടിൽ അൻ്റോണിയോ ന്യൂനെസ് ഹാവിയർ സാവിയോളയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രസീലിയൻ ഇതിഹാസം ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ 42, 44 മിനുട്ടുകളിൽ പെഡ്രോ മുനിറ്റിസ്, അൽഫോൻസോ പെരസ് എന്നിവർ ഗോളുകൾ കണ്ടെത്തിയതോടെ റയലിന് ലീഡായി. അറുപതാം മിനുട്ടൽ ജോഫ്രെ മത്തേയു നേടിയ ഗോളിലൂടെ ബാഴ്സ ഒപ്പമെത്തിയെങ്കിലും പത്തു മിനുട്ടുകൾക്ക് ശേഷം റൂബെൻ ഡി ലാ റെഡ് നേടിയ ഗോൾ റയലിന് വിജയം സമ്മാനിക്കുകയായിരുന്നു.