ലാ ലിഗയിൽ ഇനി 3 റൗണ്ട് മാത്രം: റയൽ മുന്നിൽ, ബാഴ്സക്ക് പ്രതീക്ഷയുണ്ടോ?

ലാ ലിഗയിൽ ഇനി ശേഷിക്കുന്നത് 3 റൗണ്ട് മത്സരങ്ങൾ മാത്രമാണ്. 35 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 80 പോയിൻ്റോടെ റയൽ മാഡ്രിഡ് ഒന്നാമതും 76 പോയിൻ്റുള്ള FC ബാഴ്സലോണ രണ്ടാമതുമാണ്. മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിന് അവശേഷിക്കുന്ന 3 മത്സരങ്ങളിൽ 2 എണ്ണത്തിലെങ്കിലും കാലിടറിയാലേ ഇനി ബാഴ്സക്ക് പ്രതീക്ഷക്ക് വകയുള്ളൂ, അതും സ്വന്തം മത്സരങ്ങൾ മൂന്നും വിജയിച്ചാൽ മാത്രം. ഇരു ടീമുകളുടെയും ശേഷിക്കുന്ന മത്സരങ്ങൾ ഒന്ന് വിലയിരുത്താം.

ഗ്രനഡ, വിയ്യാറയൽ, ലെഗാനസ് എന്നീ ടീമുകളോടാണ് ഇനി റയൽ മാഡ്രിഡിന് കളികൾ ഉള്ളത്. ഇതിൽ വിയ്യാറയലുമായി ഹോം മാച്ചും ബാക്കി രണ്ടും എവേ മത്സരങ്ങളുമാണ്. ഗ്രനഡയിപ്പോൾ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. അവസാന 5 മത്സരങ്ങളിൽ 2 എണ്ണം മാത്രമാണവർ വിജയിച്ചിരിക്കുന്നത്. വിയ്യാറയൽ ഇപ്പോൾ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള ടീമാണ്. അവസാന 5 മത്സരങ്ങളിൽ 3 എണ്ണം വിജയിച്ചിട്ടുണ്ട്. ലെഗാനാസാവട്ടെ ലീഗ് ടേബിളിൽ പത്തൊമ്പതാം സ്ഥാനത്താണ്. അവസാന 5 മത്സരങ്ങളിൽ ഒന്ന് മാത്രമാണവർ വിജയിച്ചിരിക്കുന്നത്. നിലവിലെ ഫോമിൽ ഈ മൂന്ന് മത്സരങ്ങളും റയൽ മാഡ്രിഡ് വിജയിച്ച് കയറാനാണ് സാധ്യത. എങ്കിലും വിയ്യാറയലിനെതിരെയുള്ള മത്സരം കടുത്തതാകാനുള്ള സാധ്യതയുമുണ്ട്.

വല്ലഡോയിഡ്, ഒസാസുന, അലാവസ് എന്നീ ടീമുകളാണ് ഇനിയുള്ള മത്സരങ്ങളിലെ ബാഴ്സലോണയുടെ എതിരാളികൾ. ഇതിൽ ഒസാസുനക്കെതിരെ ഹോം മത്സരവും ബാക്കി രണ്ടും എവേ മത്സരങ്ങളുമാണ്. വല്ലഡോയിഡ് ഇപ്പോൾ ലീഗ് ടേബിളിൽ പതിനാലാം സ്ഥാനത്താണ്. അവസാന 5 മത്സരങ്ങളിൽ ഒന്ന് മാത്രമാണവർ വിജയിച്ചിരിക്കുന്നത്. ലീഗ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തുള്ള ഒസാസുന അവസാന 5മത്സരങ്ങളിൽ മൂന്നും വിജയിച്ച ടീമാണ്. അലാവസിപ്പോൾ ലീഗിൽ പതിനേഴാം സ്ഥാനത്തുള്ള ടീമാണ്. അവസാന 5 മത്സരങ്ങളിൽ ഒന്നുപോലും അവർ വിജയിച്ചിട്ടില്ല. നിലവിലെ ഫോമിൽ ബാഴ്സലോണ ഈ മൂന്ന് മത്സരങ്ങളും വിജയിച്ച് കയറാനാണ് സാധ്യത. എങ്കിലും റയൽ മാഡ്രിഡ് വീഴ്ച വരുത്തിയില്ലെങ്കിൽ ഇത്തവണ ലാ ലിഗ കിരീടം ബെർണാബ്യുവിൽ ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *