ലാലിഗ വിദേശത്തേക്ക്,സ്ഥിരീകരിച്ച് ടെബാസ്!

നിലവിൽ ലാലിഗക്കും ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസിനും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിച്ചുകൊണ്ടി രിക്കുന്ന സമയമാണിത്.എൽ ക്ലാസിക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമാണ് വിമർശനങ്ങൾ ലഭിക്കുന്നത്.ഗോൾ ലൈൻ ടെക്നോളജി നടപ്പിലാക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത് ടെബാസായിരുന്നു. ആ തീരുമാനത്തിൽ നിന്നും ഇപ്പോഴും പിന്മാറാൻ അദ്ദേഹം തയ്യാറായിട്ടില്ല.ഗോൾലൈൻ ടെക്നോളജി അനാവശ്യ ചിലവാണ് എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

ഇതിനിടെ ലാലിഗയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രഖ്യാപനം ടെബാസ് നടത്തിയിട്ടുണ്ട്. ലാലിഗ വിദേശത്ത് വെച്ച് കളിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.അമേരിക്കയിൽ വെച്ച് ചില മത്സരങ്ങൾ കളിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇക്കാര്യം ടെബാസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്നാണ് ലാലിഗ വിദേശത്ത് കളിക്കുക എന്നുള്ളത് കൃത്യമായി എനിക്കറിയില്ല, പക്ഷേ തീർച്ചയായും വിദേശത്ത് ലാലിഗ മത്സരങ്ങൾ നടക്കുക തന്നെ ചെയ്യും. 2025-26 സീസണിൽ അത് സാധ്യമാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ ഞങ്ങൾ ഒഫീഷ്യൽ മത്സരം സംഘടിപ്പിച്ചാൽ നോർത്ത് അമേരിക്കൻ മാർക്കറ്റിൽ ഞങ്ങളുടെ പൊസിഷൻ ശക്തിപ്പെടും.സ്‌പൈയിനിന് ശേഷം ലാലിഗക്ക് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണ് നോർത്ത് അമേരിക്ക. മാത്രമല്ല മറ്റുള്ള ലീഗുകൾ എല്ലാം മത്സരിച്ചു കൊണ്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ എപ്പോഴും ഒരു കാര്യം തന്നെ നമുക്ക് ചെയ്യാൻ കഴിയില്ല. നമ്മളും മുന്നേറേണ്ടതുണ്ട് “ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

2018ൽ ബാഴ്സയും ജിറോണയും തമ്മിലുള്ള മത്സരം മയാമിയിൽ വച്ചുകൊണ്ട് നടത്താനുള്ള ശ്രമം ബാഴ്സലോണ നടത്തിയിരുന്നു. എന്നാൽ അന്ന് ഫിഫയും യുഎസ് ഫുട്ബോൾ അസോസിയേഷനും തടസ്സമാവുകയായിരുന്നു.ഫിഫയിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമാണ് ഇത് സാധ്യമാകുക.ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അമേരിക്കയിൽ വെച്ച് കളിക്കാനാണ് ലാലിഗ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *