ലാലിഗ നേടി,പിന്നാലെ ഓടി രക്ഷപ്പെട്ട് ബാഴ്സലോണ താരങ്ങൾ!

ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന കറ്റാലൻ ഡെർബിയിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ എസ്പനോളിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയാണ് ഈ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി തിളങ്ങിയത്. രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്.ബാൾഡേ,കൂണ്ടെ എന്നിവർ ബാഴ്സക്ക് വേണ്ടി ശേഷിച്ച ഗോളുകൾ നേടി.

ഈ വിജയത്തോടുകൂടി ബാഴ്സ ലാലിഗ കിരീടം സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ബാഴ്സ കിരീടം ഉറപ്പാക്കിയിട്ടുള്ളത്. മത്സരശേഷം എസ്പനോളിന്റെ മൈതാനത്ത് ബാഴ്സ താരങ്ങൾ കിരീടം നേട്ടം ആഘോഷിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

ബാഴ്സ താരങ്ങളുടെ ഈ ആഘോഷത്തിൽ പ്രകോപിതരായ എസ്പനോൾ ആരാധകർ അക്രമാസക്തരായി. പലവിധ സാധനസാമഗ്രികളും അവർ കളിക്കളത്തിലേക്കും ബാഴ്സ താരങ്ങളെ ലക്ഷ്യം വെച്ചും വലിച്ചെറിഞ്ഞു. മാത്രമല്ല ഇവർ കളിക്കളം കയ്യേറുകയും ചെയ്തു. ബാഴ്സ താരങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ഇവർ മൈതാനത്തേക്ക് ഓടിയടുക്കുകയായിരുന്നു.

പന്തികേട് മണത്ത ബാഴ്സ താരങ്ങൾ ഉടൻ തന്നെ ഡ്രസിങ് റൂമിലേക്ക് വെച്ചുപിടിപ്പിച്ചു. യഥാർത്ഥത്തിൽ ബാഴ്സ താരങ്ങൾ ഓടി രക്ഷപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏതായാലും ബാഴ്സ താരങ്ങൾക്ക് എതിരെയുള്ള ആരാധകരുടെ ഈ അതിക്രമം വലിയ വാർത്തയായിട്ടുണ്ട്.കാറ്റലൻ ഡെർബി ഒരിക്കൽ കൂടി വിവാദങ്ങളിൽ അവസാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *