ലാലിഗ ഉപേക്ഷിച്ചാൽ അത്ലറ്റികോയെ കാത്തിരിക്കുന്നത് വമ്പൻ നഷ്ടം

കോവിഡ് പ്രതിസന്ധി മൂലം ലാലിഗ പുനരാരംഭിക്കാനാവുമോ എന്ന സംശയത്തിലാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ നിലകൊള്ളുന്നത്. യൂറോപ്പിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ഇതിനാൽ തന്നെ ലീഗ് ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരായാൽ അത് തന്നെ ചെയ്യുമെന്നുള്ള സൂചനകൾ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ നൽകിയിരുന്നു. സ്പെയിനിലെ യൂത്ത്-വുമൺസ് ലീഗുകൾ എല്ലാം തന്നെ ഫെഡറേഷൻ ഉപേക്ഷിച്ചു കഴിഞ്ഞു. അങ്ങനെ ലാലിഗ ഉപേക്ഷിക്കാൻ തീരുമാനം ഉണ്ടായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന ടീമുകളിലൊന്ന് അത്ലറ്റികോ മാഡ്രിഡായിരിക്കും. എന്തെന്നാൽ അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സിമിയോണിക്കും സംഘത്തിനും കഴിഞ്ഞേക്കില്ല.

ലീഗ് ഉപേക്ഷിച്ചാൽ നിലവിലെ പോയിന്റ് ടേബിളിൽ ആദ്യനാല് സ്ഥാനക്കാരാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക. റയൽ മാഡ്രിഡ്‌, ബാഴ്സ, സെവിയ്യ, റയൽ സോസിഡാഡ് എന്നിവരായിരിക്കും യോഗ്യത നേടുക. ആറാം സ്ഥാനത്തുള്ള അത്ലറ്റികോക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കില്ല. കഴിഞ്ഞ ഏഴ് വർഷമായി ചാമ്പ്യൻസ് ലീഗിലെ സാന്നിധ്യമായ അത്ലറ്റികോ അടുത്ത തവണ പുറത്തിരിക്കേണ്ടി വന്നേക്കും.

ഏകദേശം അഞ്ഞൂറ് മില്യൺ യുറോയുടെ സാമ്പത്തികനഷ്ടവും ഇത് വഴി അത്ലറ്റികോക്ക് സംഭവിച്ചേക്കും. നിലവിൽ മുൻ ചാമ്പ്യൻമാരായ ലിവർപൂളിനെ തകർത്തുകൊണ്ട് ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ് അത്ലറ്റികോ. ലാലിഗയിൽ പതിനൊന്ന് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. പുനരാരംഭിച്ചാൽ യോഗ്യത നേടാനുള്ള വഴികൾ അത്ലറ്റികോക്ക് മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *