ലാലിഗയിൽ മൂല്യമേറിയ താരം, മുപ്പത്തിമൂന്നാം വയസ്സിലും മെസ്സി തന്നെ മുമ്പിൽ !

ഒരു സമ്മർ ട്രാൻസ്ഫർ മാർക്കറ്റ് കൂടി ആഗതമായിരിക്കുന്നു. ഈയടുത്ത കാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സീസണാണ് ഈ കഴിഞ്ഞു പോയത് എന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടാവില്ല. കോവിഡ് പ്രശ്നം മൂലം വളരെ വൈകിയാണ് സീസൺ അവസാനിച്ചത്. സാമ്പത്തികപ്രതിസന്ധി കാരണം ഇപ്രാവശ്യം എല്ലാ ടീമുകളും വലിയ തോതിൽ പണമെറിയാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ട്രാൻസ്ഫർ വിപണി സജീവമാണ്. ഇപ്പോഴിതാ ഈ ട്രാൻസ്ഫർ മാർക്കെറ്റിൽ ലാലിഗയിലെ ഏറ്റവും മൂല്യമേറിയ അഞ്ച് താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ മാർക്ക. തന്റെ മുപ്പത്തിമൂന്നാം വയസ്സിലും സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്. ഗ്രീസ്‌മാൻ, ഫെലിക്സ്, ഒബ്ലാക്, ഹസാർഡ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്.

മാർക്കയുടെ റിപ്പോർട്ട്‌ പ്രകാരം മെസ്സിയുടെ മാർക്കറ്റ് വാല്യൂ 112 മില്യൺ യുറോയാണ്. ലാലിഗയിലെ മറ്റേത് താരത്തെക്കാളും കൂടുതൽ ആണിത്. രണ്ടാമത് എത്തിനിൽക്കുന്നത് ബാഴ്സയുടെ തന്നെ അന്റോയിൻ ഗ്രീസ്‌മാൻ ആണ്. കഴിഞ്ഞ തവണ 120 മില്യൺ യുറോക്ക് ബാഴ്സയിൽ എത്തിയ താരത്തിന്റെ മൂല്യം നിലവിൽ 96 മില്യൺ മാത്രമാണ്. മൂന്നാം സ്ഥാനത്ത് അത്ലറ്റികോ മാഡ്രിഡിന്റെ ജോവോ ഫെലിക്സ് ആണ്. കഴിഞ്ഞ ട്രാൻസ്ഫറിൽ 126 മില്യൺ യുറോ കൊടുത്ത് അത്ലറ്റികോ ടീമിൽ എത്തിച്ച താരത്തിന്റെ മൂല്യം 81 മില്യൺ യുറോ മാത്രമാണിപ്പോൾ. നാലാം സ്ഥാനത്തുള്ളത് അത്ലറ്റികോ മാഡ്രിഡ്‌ ഗോൾകീപ്പർ യാൻ ഒബ്ലക്ക് ആണ്. 80 മില്യൺ യുറോ ആണ് താരത്തിന്റെ മൂല്യം. ഒരു ഗോൾകീപ്പറെ സംബന്ധിച്ചെടുത്തോളം ഉയർന്ന മൂല്യമാണിത്. ആലിസൺ, ടെർ സ്റ്റീഗൻ എന്നിവർക്ക് 72 മില്യൺ യുറോയും കോർട്ടുവക്ക് 60 മില്യൺ യുറോയുമാണ് മൂല്യം. അഞ്ചാമത് ഉള്ളത് റയലിന്റെ ഈഡൻ ഹസാർഡ് ആണ്. കഴിഞ്ഞ തവണ 150 മില്യൺ യുറോക്ക് ടീമിലെത്തിച്ച താരത്തിന്റെ മൂല്യം 80 മില്യൺ യുറോ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *