ലപോർട്ട പ്രസിഡന്റ്‌ ആയി, ഇനിയുള്ളത് മെസ്സിയുടെ കാര്യത്തിലുള്ള വാക്ക് പാലിക്കൽ!

ഇന്നലെ നടന്ന ബാഴ്‌സ പ്രസിഡൻഷ്യൽ ഇലക്ഷനിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് ജോയൻ ലപോർട്ട ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് 2003 മുതൽ 2010 പ്രസിഡന്റായി പ്രവർത്തി പരിചയമുള്ള ലപോർട്ടയുടെ വരവ് ബാഴ്സ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിലെ ഈയൊരു സാഹചര്യത്തിൽ ബാഴ്സക്ക് അത്‌ അനിവാര്യവുമാണ്. പക്ഷെ ലപോർട്ടയെ സംബന്ധിച്ചെടുത്തോളം അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മെസ്സിയെ നിലനിർത്തുക എന്നുള്ളതാണ്. ഈ ഇലക്ഷൻ ക്യാമ്പയിനിൽ ഉടനീളം മെസ്സിയെ മുൻനിർത്തിയായിരുന്നു ലപോർട്ട പ്രചരണങ്ങൾ നടത്തിയിരുന്നത്. താൻ വിജയിച്ചാൽ മാത്രമേ മെസ്സി ബാഴ്സയിൽ തുടരുകയൊള്ളൂ എന്നായിരുന്നു ലപോർട്ടയുടെ അവകാശവാദം. ഏറ്റവും ഒടുവിൽ ലപോർട്ട പറഞ്ഞത് ഇങ്ങനെയായിരുന്നു. താൻ വിജയിച്ചാൽ അന്ന് രാത്രി തന്നെ മെസ്സിയുടെ പിതാവിനെ ഫോണിൽ വിളിക്കുമെന്നായിരുന്നു.

ഇപ്പോഴിതാ ലപോർട്ട വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് വാക്ക് പാലിക്കലാണ്. മെസ്സി ബാഴ്സയിൽ തുടരുമെന്ന കാര്യം ആരാധകർക്ക് ഉറപ്പ് നൽകണമെങ്കിൽ മെസ്സി കരാർ പുതുക്കണം. ജൂൺ മാസം അവസാനിക്കുന്നതിന് മുമ്പായി മെസ്സിയുടെ കരാർ പുതുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഒരുപക്ഷെ ലപോർട്ടക്ക് വാക്ക് പാലിക്കാൻ കഴിയില്ല. അത്കൊണ്ട് തന്നെ നല്ലൊരു പ്രൊജക്റ്റ്‌ മുൻനിർത്തി മെസ്സിയെ കൺവിൻസ്‌ ചെയ്യിച്ച് പുതിയ കരാറിൽ ഒപ്പുവെക്കുക എന്നുള്ളതാണ് ലപോർട്ടക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതിന് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം മെസ്സി ഇന്നലെ വോട്ട് ചെയ്യാൻ എത്തിയിരുന്നു. മകൻ തിയാഗോയെയും കൂട്ടിയാണ് മെസ്സി വോട്ട് ചെയ്യാൻ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *