റോഡ്രിയെ പൊക്കാൻ റയൽ മാഡ്രിഡ്!
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ടാണ് റോഡ്രിക്ക് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ സാധിച്ചത്.വിനീഷ്യസ് ജൂനിയറെയായിരുന്നു താരം പരാജയപ്പെടുത്തിയത്. ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനുവേണ്ടിയും ഒരുപോലെ തിളങ്ങിയത് റോഡ്രിക്ക് കാര്യങ്ങൾ അനുകൂലമാക്കുകയായിരുന്നു.പക്ഷേ നിലവിൽ താരം പരിക്കിന്റെ പിടിയിലാണ്.ഇനി ഈ സീസണിൽ റോഡ്രി കളിക്കാനുള്ള സാധ്യത കുറവാണ്.
അതേസമയം റയൽ മാഡ്രിഡ് ഇപ്പോൾ മധ്യനിരയിൽ വലിയ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്.ടോണി ക്രൂസ് ക്ലബ്ബ് വിട്ടതിനാൽ വലിയൊരു വിടവ് മധ്യനിരയിൽ സംഭവിച്ചിട്ടുണ്ട്. അത് നികത്താൻ യുവതാരങ്ങൾക്ക് സാധിക്കുന്നില്ല. മാത്രമല്ല ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ചുവാമെനി പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല.
അതുകൊണ്ടുതന്നെ താരത്തെ ഒഴിവാക്കാനും റയൽ മാഡ്രിഡ് ആലോചിക്കുന്നുണ്ട്. പകരം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റോഡ്രിയെ കൊണ്ടുവരാനാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ As ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റോഡ്രിക്ക് സിറ്റിയുമായി 2027 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. സിറ്റി താരത്തെ കൈവിടാൻ തയ്യാറാകുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.
നേരത്തെ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ച താരമാണ് റോഡ്രി.മുൻപ് തന്നെ റയൽ മാഡ്രിഡ് ഈ സ്പാനിഷ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഏതായാലും വരുന്ന സമ്മറിൽ കാര്യമായ അഴിച്ചുപണികൾ ക്ലബ്ബിനകത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്. കാരണം ഞെട്ടിക്കുന്ന തോൽവികൾ ഈ സീസണിൽ റയലിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അക്കാര്യത്തിൽ പ്രസിഡണ്ടായ പെരസ് ഉൾപ്പെടെയുള്ളവർ കടുത്ത അസംതൃപ്തരാണ്.