റോഡ്രിഗസിനോട് തനിക്ക് ദേഷ്യമില്ല, അദ്ദേഹം പറയുന്നത് സത്യം തന്നെയാണ് : സിദാൻ

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലായിരുന്നു റയൽ മാഡ്രിഡ്‌ താരം ജെയിംസ് റോഡ്രിഗഡ് പരിശീലകൻ സിദാനെ പരോക്ഷമായി വിമർശിക്കുകയും പരാതി പറയുകയും ചെയ്തത്. സിദാൻ തനിക്ക് വേണ്ട വിധത്തിലുള്ള അവസരങ്ങൾ ഈ സീസണിൽ ഒരുക്കി തന്നില്ല എന്നായിരുന്നു റോഡ്രിഗസ് പ്രസ്‌താവിച്ചത്‌. ഈയൊരു പ്രസ്താവനയോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാൻ. അദ്ദേഹം പറയുന്നത് സത്യമാണെന്നും തനിക്ക് ജെയിംസിനോട്‌ യാതൊരു വിധ ദേഷ്യങ്ങളൊന്നുമില്ലെന്നും എന്നാൽ ഇത് ഇതേ രീതിയിൽ തന്നെയാണ് അവസാനിക്കാൻ പോവുന്നതെന്നുമായിരുന്നു സിദാൻ പറഞ്ഞത്. ഇന്ന് നടന്ന പ്രീ മാച്ച് പത്രസമ്മേളനത്തിലായിരുന്നു ഇതേപ്പറ്റി അദ്ദേഹം പ്രതികരിച്ചത്. മാധ്യമപ്രവർത്തകരുടെ ജെയിംസ് റോഡ്രിഗസിനെ പറ്റിയുള്ള മറുപടിയെന്നോണമാണ് അദ്ദേഹം ഇത് പറഞ്ഞത്.

” തീർച്ചയായും അദ്ദേഹം പറയുന്നത് സത്യം തന്നെയാണ്. അദ്ദേഹത്തിന് കൂടുതൽ കളിക്കാൻ ആഗ്രഹമുണ്ട്. അത് സാധാരണമായ ഒരു കാര്യമാണ്. എനിക്ക് അദ്ദേഹത്തോട് ദേഷ്യമൊന്നുമില്ല.എനിക്ക് അദ്ദേഹത്തെ മനസ്സിലാവുകയും ചെയ്യും. അദ്ദേഹം ഞങ്ങളോടൊപ്പം പരിശീലനവും നടത്തുന്നുണ്ട്. അവസാനം വരെയും ഇങ്ങനെ തന്നെ തുടർന്നു പോവും ” സിദാൻ പറഞ്ഞു. കൂടാതെ റയൽ മാഡ്രിഡിന്റെ വരും മത്സരങ്ങളെ കുറിച്ചും അദ്ദേഹം പ്രസ്താവിച്ചു. ” ഞങ്ങൾക്ക് ഇനി ആറു ഫൈനലുകളാണ് ബാക്കിയുള്ളത്. പതിനെട്ടു പോയിന്റിനെ ബാധിക്കുന്ന കാര്യമാണത്. വിജയിക്കാൻ വേണ്ടി കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിക്കും. പക്ഷെ ഞങ്ങൾ ഒന്നും ഇത് വരെ നേടിയിട്ടില്ല ” ഇതായിരുന്നു സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. നമ്മൾ ഇത് വരെ ഒന്നും നേടിയിട്ടില്ലെന്ന് താരങ്ങളോട് മുന്നറിയിപ്പ് രൂപത്തിലാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *