റൊണാൾഡോ,സ്ലാട്ടൻ എന്നിവരുടെ റെക്കോർഡിനൊപ്പമെത്തി ഔബമയാങ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഒസാസുനയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ഫെറാൻ ടോറസ് ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ ഔബമയാങ്,റിക്കി പുജ് എന്നിവരുടെ വകയായിരുന്നു. മത്സരത്തിന്റെ 27-ആം മിനുട്ടിലാണ് ഔബയുടെ ഗോൾ പിറന്നത്.ഡെമ്പലെയുടെ അസിസ്റ്റിൽ എന്നാണ് താരം ഗോൾ കണ്ടെത്തിയത്.
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിലേക്ക് എത്തിയ താരം മിന്നുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്.ലാലിഗയിൽ ബാഴ്സക്ക് വേണ്ടി കളിച്ച 6 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടാൻ ഔബമയാങ്ങിന് സാധിച്ചിട്ടുണ്ട്. വലൻസിയക്കെതിരെ ഹാട്രിക്ക് നേടിയ താരം അത്ലറ്റിക്ക് ക്ലബ്,ഒസാസുന എന്നിവർക്കെതിരെ ഓരോ ഗോളുകൾ വീതവും സ്വന്തമാക്കി.കൂടാതെ യൂറോപ്പ ലീഗിൽ നാപോളിക്കെതിരെയും താരം ഒരു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) March 14, 2022
ഏതായാലും ലീഗിൽ ബാഴ്സക്ക് വേണ്ടി ആദ്യ 6 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടുന്ന എട്ടാമത്തെ താരം മാത്രമാണ് ഔബമയാങ്. ഇതിന് മുൻപ് ചില ഇതിഹാസങ്ങളാണ് ഈയൊരു നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.റൊണാൾഡോ നസാരിയോ,സ്ലാട്ടൻ ഇബ്രാഹിമോവിച്ച്,ക്രൈഫ്,റൊമാരിയോ, റൊണാൾഡ് കൂമാൻ എന്നിവരൊക്കെ ഈയൊരു നേട്ടം സ്വന്തമാക്കിയവരാണ്.ഇവരുടെ ഇടയിലാണ് ഇപ്പോൾ ഔബമയാങ് സ്ഥാനം നേടിയിരിക്കുന്നത്.
ഈ ജനുവരിയിൽ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.നിലവിൽ സാവിക്ക് കീഴിൽ തകർപ്പൻ പ്രകടനമാണ് ബാഴ്സ പുറത്തെടുക്കുന്നത്.