റൈറ്റ് ബാക്കിൽ ആരെയിറക്കും? സിദാന് തലവേദന!
ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ റയൽ മാഡ്രിഡുള്ളത്. ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂളിനെ തകർത്തു വിടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ. മാത്രമല്ല അതിന് ശേഷം എൽ ക്ലാസിക്കോയിൽ വിജയം നേടാൻ റയലിന് സാധിക്കുകയും ചെയ്തു.എന്നാൽ ആ മത്സരത്തിൽ ഒരു തിരിച്ചടി റയലിനേറ്റിരുന്നു. റയലിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന ലുക്കാസ് വാസ്ക്കസ് പരിക്കേറ്റ് കളം വിട്ടതാണ് റയലിന് തിരിച്ചടിയായത്. അത് മാത്രമല്ല താരത്തിന് ഇനി ഈ സീസണിൽ കളിക്കാൻ സാധിക്കുകയുമില്ല.
ഇതോടെ റൈറ്റ് ബാക്ക് പൊസിഷനിൽ ആരെ ഇറക്കുമെന്നുള്ളതാണ് സിദാന് തലവേദന സൃഷ്ടിക്കുന്ന ചോദ്യം. ടീമിന്റെ ആദ്യരണ്ട് ഓപ്ഷനുകളായ ഡാനി കാർവഹാൽ, ലുക്കാസ് വാസ്ക്കസ് എന്നിവർ പരിക്ക് മൂലം പുറത്താണ്. ഇനി അൽവാരോ ഓഡ്രിയോസോളയെയാണ് സിദാന് പരിഗണിക്കാനുള്ളത്. പക്ഷെ താരം വിശ്വസിച്ചേൽപ്പിക്കാൻ സിദാന് ഒരല്പം ബുദ്ധിമുട്ടുണ്ട്. അത് മാത്രമല്ല, പലപ്പോഴും ആത്മവിശ്വാസമില്ലാത്തവനായി കൊണ്ടാണ് ഓഡ്രിയോസോളയെ കാണാറുള്ളത്. അത്കൊണ്ട് തന്നെ ലിവർപൂളിന്റെ മുന്നേറ്റങ്ങളെ ചെറുക്കാനുള്ള കെൽപ്പ് ഓഡ്രിയോസോളക്കുണ്ടോ എന്ന് സംശയകരമാണ്.
Zidane has a headache at right-back as Real Madrid visit Anfield in the #UCL
— MARCA in English (@MARCAinENGLISH) April 12, 2021
https://t.co/eCWvfVIdrK pic.twitter.com/ucdUta6DLR
മറ്റു രണ്ട് ഓപ്ഷൻ കൂടി മാർക്ക ചൂണ്ടി കാണിക്കുന്നുണ്ട്. ഒന്ന് മിഡ്‌ഫീൽഡറായ വാൽവെർദേയെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിപ്പിക്കുക. പക്ഷെ ഇതൊരു പരീക്ഷണം മാത്രമായിരിക്കും. ഇത് എത്രത്തോളം ഫലം കാണുമെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു. അതേസമയം മറ്റൊരു ഓപ്ഷൻ ഫെർലാന്റ് മെന്റിയാണ്. ലെഫ്റ്റ് ബാക്കിൽ കളിക്കുന്ന താരം ചിലപ്പോഴൊക്കെ റൈറ്റ് ബാക്കിലും കളിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ മാഴ്സലോയെ സിദാൻ ലെഫ്റ്റ് ബാക്കിൽ ഇറക്കേണ്ടി വന്നേക്കും. മാഴ്‌സെലോയും നിലവിൽ അത്ര നല്ല പ്രകടനമല്ല നടത്തുന്നത്. ഏതായാലും റൈറ്റ് ബാക്കിൽ സിദാൻ ആരെ ഇറക്കും എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.