റേപ്പ് കേസിൽ കുറ്റക്കാരൻ,ഡാനി ആൽവസിനെ ബാഴ്സ പൂർണ്ണമായും ഒഴിവാക്കി.

2022 ഡിസംബർ മാസത്തിൽ ബാഴ്സലോണയിലെ ഒരു നെറ്റ് ക്ലബ്ബിൽ വെച്ച് 23 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡാനി ആൽവസ് കുറ്റക്കാരനാണെന്ന് സ്പാനിഷ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നാലര വർഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചത്. അടുത്ത നാലര വർഷക്കാലം ഡാനി ജയിലിലാണ് തുടരുക. ഫുട്ബോൾ ലോകത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവമാണിത്.

എഫ്സി ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഇതിഹാസമാണ് ഡാനി ആൽവസ്. 2008 മുതൽ 2016 വരെ ബാഴ്സലോണയുടെ ഭാഗമായിരുന്നു. പിന്നീട് 2021-22 സീസണിൽ കുറച്ച് കാലം ബാഴ്സക്ക് വേണ്ടി അദ്ദേഹം കളിക്കുകയും ചെയ്തു.ബാഴ്സലോണക്ക് വേണ്ടി ആകെ 408 മത്സരങ്ങളാണ് ഈ ബ്രസീലിയൻ താരം കളിച്ചിട്ടുള്ളത്.6 ലാലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം ബാഴ്സലോണക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എഫ്സി ബാഴ്സലോണ തങ്ങളുടെ ഇതിഹാസ താരങ്ങളുടെ ഗണത്തിൽ ഡാനിയെ ഉൾപ്പെടുത്തിയിരുന്നു.

ആകെ 108 താരങ്ങൾ ഉള്ള ലെജന്ററി പ്ലയേഴ്സിന്റെ ലിസ്റ്റിലായിരുന്നു ഡാനി ഉണ്ടായിരുന്നത്.ജോയൻ ഗാമ്പർ മുതൽ ലയണൽ മെസ്സി വരെയുള്ള ഇതിഹാസങ്ങൾ അടങ്ങിയിട്ടുള്ള ലിസ്റ്റാണ് ഇത്. ഈ ലിസ്റ്റിൽ നിന്നും ബാഴ്സലോണ ഡാനിയെ നീക്കം ചെയ്തിട്ടുണ്ട്.അവരുടെ വെബ്സൈറ്റിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. കൂടാതെ ഡയാരിയോ AS ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതായത് അദ്ദേഹത്തിന് ബാഴ്സലോണ ഇതിഹാസ പദവി നഷ്ടമായി കഴിഞ്ഞു.

സെവിയ്യ,പിഎസ്ജി,യുവന്റസ് എന്നിവർക്ക് വേണ്ടിയൊക്കെ ഈ താരം കളിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ മെക്സിക്കൻ ക്ലബ്ബായ പ്യുമാസിന്റെ താരമായിരുന്നു ഇദ്ദേഹം.പിന്നീട് ഉടൻതന്നെ അവർ കോൺട്രാക്ട് റദ്ദാക്കുകയായിരുന്നു. ബ്രസീലിന്റെ ദേശീയ ടീമിനുവേണ്ടി 126 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് ഡാനി.ഫുട്ബോൾ ലോകത്തേക്ക് ഒരു മടങ്ങി വരവ് അദ്ദേഹത്തിന് അസാധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *