റെഡ് കാർഡ് വഴങ്ങാൻ പാടില്ലായിരുന്നുവെന്ന് ഗുണ്ടോഗൻ, മറുപടി നൽകി അരൗഹോ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ബാഴ്സയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചത്. ഇതോടുകൂടി ബാഴ്സയെ പുറത്താക്കിക്കൊണ്ട് ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ പ്രവേശിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്ന ബാഴ്സക്ക് തിരിച്ചടി ഏൽപ്പിച്ചത് ഡിഫന്റർ അരൗഹോയുടെ റെഡ് കാർഡായിരുന്നു.

മത്സരത്തിന്റെ 29ആം മിനുട്ടിൽ ഗോളിലേക്ക് കുതിക്കുകയായിരുന്നു ബാർക്കോളയെ അരൗഹോ ഫൗൾ ചെയ്യുകയായിരുന്നു. ഇതോടുകൂടി റഫറി അദ്ദേഹത്തിന് സ്ട്രൈറ്റ് റെഡ് കാർഡ് നൽകി.അവിടം മുതലാണ് ബാഴ്സലോണ മത്സരം കൈവിട്ടു തുടങ്ങിയത്.ഈ റെഡ് കാർഡ് വഴങ്ങിയതിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ബാഴ്സ സൂപ്പർ താരമായ ഗുണ്ടോഗൻ തന്നെ രംഗത്ത് വന്നിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തരം നിർണായക മത്സരങ്ങളിൽ,അത്തരം സന്ദർഭങ്ങളിൽ ബോൾ ലഭിക്കുമെന്ന് നമ്മൾ ഉറപ്പാക്കണം.അദ്ദേഹം ബോൾ തൊട്ടിട്ടുണ്ടോ ഇല്ലയോ എന്നുള്ളതൊന്നും എനിക്കറിയില്ല. ആ ബോൾ ലഭിക്കില്ല എന്നുണ്ടെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഒരു ഗോൾ വഴങ്ങുന്നതിനേക്കാൾ ഒരു താരം ഉണ്ടായിരിക്കുന്നതിന് തന്നെയാണ് ഞാൻ പ്രാധാന്യം നൽകുന്നത്.ഒന്നുകിൽ ആ മുന്നേറ്റം നമ്മുടെ ഗോൾ കീപ്പർ തടയും, അല്ലെങ്കിൽ നമ്മൾ വഴങ്ങും.അത് എന്തെങ്കിലുമായിക്കോട്ടെ. പക്ഷേ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരാളെ നഷ്ടപ്പെട്ടത് നമ്മുടെ എല്ലാ സാധ്യതകളും അവസാനിപ്പിക്കുകയാണ് ചെയ്തത് ” ഇതാണ് ഗുണ്ടോഗൻ പറഞ്ഞത്.

അതായത് അരൗഹോ ആ ഫൗൾ ചെയ്യാൻ പാടില്ലായിരുന്നുവെന്നും അതിനേക്കാൾ നല്ലത് ഗോൾ വഴങ്ങുന്നതായിരുന്നു എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഗുണ്ടോഗന് മറുപടി നൽകിക്കൊണ്ട് അരൗഹോ തന്നെ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്നത് പരസ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.അത് ഞാൻ തന്നെ കീപ്പ് ചെയ്തോളാം. എനിക്ക് എന്റേതായ ചില മൂല്യങ്ങളും കോഡുകളും ഉണ്ട്. അത് ബഹുമാനിക്കപ്പെടേണ്ട ഒരു കാര്യമാണ് ” ഇതാണ് അരൗഹോ പറഞ്ഞിട്ടുള്ളത്.

അതായത് തന്റെ കളിയെയും തീരുമാനങ്ങളെയും ബഹുമാനിക്കാൻ പഠിക്കണം എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.ഏതായാലും ബാഴ്സ താരങ്ങൾക്കുള്ളിൽ തന്നെയുള്ള വിമർശനങ്ങൾ ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *