റിക്കി പുജിന്റെ പ്രകടനം നയനമനോഹരമെന്ന് നാപോളി പരിശീലകൻ !

എഫ്സി ബാഴ്സലോണയുടെ ഈ സീസണിലെ പ്രധാനകണ്ടു പിടിത്തങ്ങളിലൊന്നാണ് റിക്കി പുജ്‌. ബാഴ്സ ബിയിൽ നിന്നും ബാഴ്‌സയിലെത്തിയ താരം സമീപകാലത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നാപോളി പരിശീലകൻ ഗെണ്ണാരോ ഗട്ടൂസോ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം റിക്കി പുജിനെ പ്രത്യേകം പരാമർശിച്ചത്. തികച്ചും ആസ്വാദകരവും നയനമനോഹരവുമായ പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടാവുക എന്നാണ് ഗട്ടൂസോ താരത്തെ കുറിച്ച് പറഞ്ഞത്. താരത്തിനെ കുറിച്ച് ഞാൻ മുൻപേ സംസാരിച്ചിട്ടുണ്ടെന്നും ഫുട്ബോൾ രക്തത്തിൽ അലിഞ്ഞ താരമാണ് പുജ്‌ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലയണൽ മെസ്സി, നാപോളി താരം ഇൻസൈൻ എന്നിവരെ കുറിച്ചുമൊക്കെ ഗട്ടൂസോ പ്രസ്താവനകൾ നടത്തി.

” ഞാൻ മുൻപ് തന്നെ റിക്കി പുജിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഒരു യങ് ചാമ്പ്യനാണ്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞതാരമാണ് അദ്ദേഹം. പുജിന്റെ പ്രകടനം ഏറെ നയനമനോഹരവും ഭംഗിയുള്ളതുമാണ്. ഫുട്ബോൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അദ്ദേഹത്തെയും ഇഷ്ടമാവും. റിക്കി പുജ്‌ അസാധാരണമായി വന്നു പെട്ട ഒരാളല്ല. ബാഴ്സലോണ താരങ്ങളെ ഇത്തരം രീതികളിലൂടെയാണ് വളർത്തുന്നത്. ബാഴ്‌സക്ക് അവരുടേതായ രീതികൾ ഉണ്ട്. ഫോർമേഷനിൽ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും ബാഴ്സ സ്വയം ഒരു മെത്തഡോളജി ഉണ്ടാക്കിയിട്ടുണ്ട്.ഇൻസൈൻ നല്ല രീതിയിൽ പരിശീലനം ചെയ്യുന്നുണ്ടെങ്കിലും കളിക്കാൻ സാധിക്കുമോ എന്നുള്ളത് ഡോക്ടർമാരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഇതൊരു ബുദ്ദിമുട്ടേറിയ മത്സരമായിരിക്കുമെന്ന് അറിയാം. ബാഴ്സ എങ്ങനെയുള്ള ടീം ആണെന്നും അവരുടെ ക്വാളിറ്റി എന്തെന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്. അതിനാൽ തന്നെ ഞങ്ങൾ മികച്ച മത്സരം തന്നെയായിരിക്കും സൃഷ്ടിക്കുക ” ഗട്ടൂസോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *