റിക്കി പുജിനോട് ക്ലബ് വിടാൻ കൂമാൻ ആവിശ്യപ്പെട്ടു? ആരാധകർക്ക് ഞെട്ടൽ !

കഴിഞ്ഞ സീസണിലെ തോൽവികൾക്കിടയിലും ബാഴ്സ ആരാധകർക്ക് ഏറെ ആശ്വാസം പകർന്ന രണ്ട് താരങ്ങളായിരുന്നു അൻസു ഫാറ്റിയും റിക്കി പുജും. ഇരുവരും ബാഴ്‌സലോണ ബിയിൽ നിന്നായിരുന്നു സെറ്റിയന് കീഴിൽ ബാഴ്സലോണ സീനിയർ ടീമിൽ കളിച്ചത്. എന്നാൽ ഇന്ന് എൽചെക്കെതിരെ നടക്കുന്ന ഗാംമ്പർ ട്രോഫി മത്സരത്തിൽ യുവ സൂപ്പർ താരത്തിന് കൂമാൻ ഇടം നൽകിയിട്ടില്ല. പരിക്കേറ്റ് പുറത്തായിരുന്ന അൻസു ഫാറ്റി തിരിച്ചെത്തിയപ്പോൾ യാതൊരു കാരണങ്ങളുമില്ലാതെ പുജിനെ കൂമാൻ പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ ആ കാര്യത്തിൽ വ്യക്തത കൈവന്നിരിക്കുകയാണ്. താരത്തെ തനിക്ക് ആവിശ്യമില്ലെന്ന് കൂമാൻ അറിയിക്കുകയും ട്രാൻസ്ഫർ ജാലകം അടക്കുന്നതിന് മുമ്പ് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയ്‌ക്കൊള്ളാൻ താരത്തോട് കൂമാൻ കല്പ്പിച്ചു എന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. സ്പാനിഷ് റേഡിയോ ആയ ആർഎസി വണ്ണിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ഡിപോർട്ടിവോ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നിലവിൽ 4-2-3-1 എന്ന ശൈലിയാണ് കൂമാൻ കളിപ്പിക്കുന്നത്. ആയതിനാൽ തന്നെ ആവിശ്യത്തിൽ കൂടുതൽ മധ്യനിര താരങ്ങൾ തന്റെ ടീമിൽ ഉണ്ട് എന്നാണ് കൂമാന്റെ വാദം. ഫ്രങ്കി ഡിജോങ്, സെർജിയോ ബുസ്ക്കെറ്റ്സ്, മിറലം പ്യാനിക്ക്, കാർലെസ് അലേന എന്നിവർ ആ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉണ്ട്. അതിനാൽ തന്നെ ഇനി ഒരു മിഡ്‌ഫീൽഡറെ തനിക്ക് ആവിശ്യമില്ല എന്നാണ് കൂമാന്റെ ഭാഷ്യം. ഇതോടെ പുജിന് തന്റെ സ്ഥാനം നഷ്ടപ്പെടുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ജിംനാസ്റ്റിക്കിനെതിരായ മത്സരത്തിൽ 45 മിനുട്ടും ജിറോണക്കെതിരെ 30 മിനുട്ടും താരം കളിച്ചിരുന്നു. നിലവിൽ താരത്തിന് 2021 വരെ ബാഴ്സയിൽ കരാറുണ്ട്. കഴിഞ്ഞ സീസണിൽ ഗ്രനാഡക്കെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. തുടർന്ന് 11 ലീഗ് മത്സരങ്ങൾ താരം കളിച്ചു. അഞ്ചെണ്ണത്തിൽ താരം സ്റ്റാർട്ട്‌ ചെയ്തു. കഴിഞ്ഞ ലാലിഗയിലെ അവസാനമത്സരത്തിൽ രണ്ട് അസിസ്റ്റുകൾ താരം നേടിയിരുന്നു. ഏതായാലും താരത്തോട് ക്ലബ് വിടാൻ പറഞ്ഞത് ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *