റാമോസ് വെറുമൊരു ഡിഫൻഡറല്ല, കണക്കുകൾ സംസാരിക്കുന്നു!

ലാലിഗ പുനരാരംഭിച്ച ശേഷം റയൽ മാഡ്രിഡ്‌ ഏറ്റവും കൂടുതൽ ആശ്രയിച്ച താരമാര് എന്ന് ചോദിച്ചാൽ നിസ്സംശയം ഉത്തരം പറയാം ക്യാപ്റ്റൻ സെർജിയോ റാമോസെന്ന്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ് റാമോസ്. റാമോസ് വെറുമൊരു ഡിഫന്ററല്ലെന്ന് കണക്കുകൾ പരിശോധിച്ചാൽ നമുക്ക് വ്യക്തമാവും. ഇന്നലെ അത്ലറ്റികോ ബിൽബാവോക്കെതിരെ റാമോസ് ഗോൾ നേടിയതോടെ ഈ സീസണിൽ ലീഗിൽ റാമോസ് നേടിയ ഗോളുകളുടെ എണ്ണം പത്തായി. ഒരു ഡിഫൻഡർ ആണ് പത്ത് ഗോളുകൾ ഒരു സീസണിൽ അടിച്ചു കൂട്ടിയിരിക്കുന്നത്. ഫെർണാണ്ടോ ഹിയറോക്ക് ശേഷം ഒരു സീസണിൽ പത്ത് ഗോളുകൾ നേടുന്ന സെന്റർ ബാക്ക് എന്ന ഖ്യാതി ഇനി റാമോസിന് സ്വന്തമാണ്. 1993/94 സീസണിലായിരുന്നു ഇതിന് മുൻപ് ഒരു സെന്റർ ബാക്ക് ഒരു സീസണിൽ പത്ത് ഗോളുകൾ നേടിയത്. മാത്രമല്ല ലാലിഗ പുനരാരംഭിച്ച ശേഷം ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാര് എന്ന് ചോദിച്ചാലും ഉത്തരം റാമോസ് തന്നെയാണ്.

അഞ്ച് ഗോളുകളാണ് ലീഗ് ആരംഭിച്ച ശേഷം റാമോസ് അടിച്ചു കൂട്ടിയത്. ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയൊക്കെ മുഴുവൻ മത്സരങ്ങളും കളിച്ചിട്ടുണ്ട് എന്ന് ഇതിനോട് ചേർത്തിവായിക്കാം. അവസാനമായി കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ നിന്നാണ് റാമോസ് ഏഴ് ഗോളുകൾ നേടിയത്. കൂടാതെ താരം അവസാനമായി എടുത്ത 22 പെനാൽറ്റികളും വിജയകരമായി ലക്ഷ്യത്തിലെത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപായിരുന്നു ലാലിഗയിൽ താരം ചരിത്രനേട്ടം കുറിച്ചിരുന്നത്. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഡിഫൻഡർ എന്ന ബഹുമതി താരം സ്വന്തം പേരിലാക്കിയിരുന്നു. അന്ന് 68-ആം ലീഗ് ഗോൾ നേടികൊണ്ടായിരുന്നു റാമോസ് ആ നേട്ടം കുറിച്ചിരുന്നത്. മുൻ ബാഴ്സ താരമായിരുന്ന റൊണാൾഡ്‌ കോമാന്റെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോർഡ്. 67 ഗോളുകളായിരുന്നു താരം നേടിയിരുന്നത്. അതായിരുന്നു റാമോസ് തകർത്തെറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *