റാമോസിന്റെയും വരാനെയുടെയും വിടവ് നികത്തണം, സൂപ്പർ ഡിഫൻഡറെ നോട്ടമിട്ട് റയൽ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡിന് തങ്ങളുടെ നെടുംതൂണുകളായ രണ്ട് ഡിഫൻഡർമാരെ നഷ്ടപ്പെട്ടത്.സെർജിയോ റാമോസും റാഫേൽ വരാനെയും ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു.ഏറെ കാലം റയലിന്റെ പ്രതിരോധക്കോട്ടയിൽ വിള്ളലേൾക്കാതെ കാത്തുസൂക്ഷിച്ച രണ്ട് പേർ ഒരേ ട്രാൻസ്ഫർ ജാലകത്തിൽ പടിയിറങ്ങിയത് റയലിന് കനത്ത തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല. റയലിന്റെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ച ഇരുവരുടെയും വിടവ് നികത്തുക എന്നുള്ളതാണ് റയൽ നിലവിൽ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. എഡർ മിലിറ്റാവോ, നാച്ചോ എന്നിവരാണ് ഈ സ്ഥാനങ്ങളിൽ ഇടം പിടിക്കുക. എന്നിരുന്നാലും മറ്റൊരു സെന്റർ ബാക്കിനെ കൂടി ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ റയലുള്ളത്.റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഒരു സെന്റർ ബാക്കിനെ ലക്ഷ്യം വെച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

നാപോളി ഡിഫൻഡറായ കലിദൂ കൂലിബലിയെയാണ് ആഞ്ചലോട്ടി ഇപ്പോൾ നോട്ടമിട്ടിരിക്കുന്നതു.പ്രമുഖ മാധ്യമമായ റിപബ്ലിക്കയാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.എന്നാൽ താരത്തെ വിൽക്കുമോ എന്നുള്ള കാര്യത്തിൽ നാപോളി നയം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.യഥാർത്ഥ വില ലഭിച്ചു കഴിഞ്ഞാൽ എല്ലാ താരങ്ങളും വില്പനക്കുള്ളതാണ് എന്നുള്ള കാര്യം നാപോളിയുടെ പരിശീലകനായ ലൂസിയാനോ സ്പല്ലേറ്റി കഴിഞ്ഞ ആഴ്ച്ച സ്ഥിരീകരിച്ചിരുന്നു.നിലവിൽ 60 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി നാപോളി നിശ്ചയിച്ചിരിക്കുന്നത്. ഇത്‌ നൽകാൻ റയൽ തയ്യാറാവുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.എന്തെന്നാൽ നിലവിൽ എംബപ്പേയാണ് റയലിന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല 30-കാരനായ താരത്തിന് വേണ്ടി ഇത്രയും തുക മുടക്കാൻ റയൽ തയ്യാറാവുമോ എന്നുള്ളതും സംശയകരമാണ്.

അതേസമയം താരത്തെ ദൃതി പിടിച്ച് വിൽക്കാൻ നാപോളി ഉദ്ദേശിക്കുന്നില്ല.2023 ജൂൺ വരെയാണ് താരത്തിന് ക്ലബുമായി കരാറുള്ളത്.അതേസമയം നിലവിൽ റയലിന് പുറമേ പിഎസ്ജിക്കും താരത്തിൽ താല്പര്യമുണ്ട്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, എവെർട്ടൻ എന്നിവരൊക്കെ താരത്തിന് വേണ്ടി രംഗത്ത് വന്ന പ്രമുഖ ക്ലബുകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *