റയലിന് നല്ല കളി,മോശം കളി എന്നൊന്നുമില്ല, അറിയാവുന്നത് ഒരൊറ്റ കാര്യം മാത്രം :ഇനീഗോ മാർട്ടിനസ്!
ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരം ഇന്നാണ് നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് റയൽ മാഡ്രിഡും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുക.റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ ഒരു തീപാറും മത്സരം കാണാൻ ആരാധകർക്ക് സാധിച്ചു.
ബാഴ്സയുടെ പ്രതിരോധനിര താരമായ ഇനീഗോ മാർട്ടിനസ് ഇപ്പോൾ എതിരാളികളായ റയലിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് നന്നായി കളിക്കുന്നതിനെയോ മോശമായി കളിക്കുന്നതിനെയോ പരിഗണിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മറിച്ച് പോരാടാൻ അവർക്കറിയാമെന്നും ഇനീഗോ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” റയൽ മാഡ്രിഡിന് അറിയാവുന്ന കാര്യം പോരാടുക എന്നതാണ്. നന്നായി കളിച്ചോ മോശമായി കളിച്ചോ എന്നുള്ളതൊന്നും അവർ കാര്യമാക്കുന്നില്ല.ബോൾ പൊസഷൻ എന്നുള്ളത് ഒരിക്കലും അവരുടെ സ്ട്രോങ്ങ് പോയിന്റ് അല്ല.അവരുടെ കരുത്തുകൾ എന്തൊക്കെയാണ് എന്നത് അവർക്ക് കൃത്യമായി അറിയാം.അതവർ ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും.ഒരുപാട് മികച്ച താരങ്ങൾ ഇപ്പോൾ അവർക്കുണ്ട്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപാട് മികച്ച താരങ്ങളുണ്ട് ” ഇതാണ് ബാഴ്സയുടെ പ്രതിരോധനിര താരം പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ബയേണിനെതിരെ ഗംഭീര വിജയം നേടിക്കൊണ്ടാണ് ബാഴ്സ ഈ മത്സരത്തിന് വരുന്നത്. അതേസമയം മറ്റൊരു ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെ തകർത്ത് തരിപ്പണമാക്കി കൊണ്ടാണ് റയൽ മാഡ്രിഡ് വരുന്നത്.അതുകൊണ്ടുതന്നെ ഒരു കിടിലൻ മത്സരം കാണാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.