റയലിനോടും ബെൻസിമയോടുമുള്ള റിവൽറിയെ കുറിച്ച് എന്ത് പറയുന്നു? ലെവന്റോസ്ക്കിയുടെ ഉത്തരം ഇങ്ങനെ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകലായിരുന്നു സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി എഫ്സി ബാഴ്സലോണയിൽ എത്തിയത്.ഇതോടെ ലാലിഗ കൂടുതൽ ആവേശകരമാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.എന്തെന്നാൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ പെട്ട ലെവന്റോസ്ക്കിയും ബെൻസിമയും ഒരേ ലീഗിൽ പോരടിക്കുന്നു എന്നുള്ളതാണ് ആരാധകരെ കൂടുതൽ ആവേശഭരിതരാക്കുന്നത്.
ഏതായാലും ബെൻസിമയുമായുള്ള റിവൽറിയെ കുറിച്ച് കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ ലെവന്റോസ്ക്കിയോട് ചോദിക്കപ്പെട്ടിരുന്നു. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ ഇൻട്രസ്റ്റിംഗായിരിക്കുമെന്നും എന്നാൽ താൻ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നില്ല എന്നുമാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
EXCLUSIVE | Robert Lewandowski spoke to us about his first few weeks at Barcelona, his Bayern legacy and stopping Real Madrid 🗣 https://t.co/diMA8k5Vik
— ESPN FC (@ESPNFC) August 1, 2022
” ബെൻസിമ അസാധാരണമായ ഒരു താരമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം അത് തെളിയിച്ചതാണ്.പിഎസ്ജി,ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെ അദ്ദേഹം ചെയ്തത് നാം കണ്ടതാണ്. പത്തോ പന്ത്രണ്ടോ വർഷങ്ങളായി അദ്ദേഹം ലാലിഗയിൽ ഉണ്ട്. ഈ ലീഗിനെ അദ്ദേഹത്തിന് നന്നായി അറിയാം.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് താൻ എന്നുള്ളത് ബെൻസിമ തെളിയിച്ചതാണ്. ലാലിഗയിൽ ഒരുപാട് മികച്ച സ്ട്രൈക്കർമാരുണ്ട്. അതുകൊണ്ടുതന്നെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ ഇൻട്രസ്റ്റിംഗ് ആയിരിക്കും.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അദ്ദേഹവുമായി താരതമ്യം ചെയ്യില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ഒരു അനുഭവമാണ്.ഞാൻ ഇത് അംഗീകരിക്കുന്നു. അദ്ദേഹം ആദ്യമേ ലാലിഗയിലുള്ള താരമാണ്. ലീഗിൽ താൻ എത്രത്തോളം മികച്ചവനാണ് എന്നുള്ളത് കഴിഞ്ഞ സീസണിൽ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. പക്ഷേ ഞാൻ ബാഴ്സക്കാണ് പ്രാധാന്യം നൽകുന്നത്. ഞങ്ങളുടെ ടീം എങ്ങനെയാണ് കളിക്കുന്നത്,ഞങ്ങൾ എങ്ങനെയാണ് വിജയിക്കാൻ പോകുന്നത്, ഇതു മാത്രമാണ് എന്റെ ലക്ഷ്യം ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിന് ലഭിക്കുന്ന പിച്ചിച്ചി ട്രോഫി കരസ്ഥമാക്കിയത് ബെൻസിമയായിരുന്നു. എന്നാൽ ഇത്തവണ ലെവന്റോസ്ക്കി അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തിയേക്കും.