റയലിനെ ദേഷ്യം പിടിപ്പിക്കാനാണ് ബാഴ്സ എന്നെ സൈൻ ചെയ്തത് :എൻറിക്കെ
സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിലൂടെയായിരുന്നു ലൂയിസ് എൻറിക്കെ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചിരുന്നത്.മധ്യനിരയിലും മുന്നേറ്റ നിരയിലും കളിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പിന്നീട് 1991 ലാണ് ഇദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. 1996 വരെ ഇദ്ദേഹം റയൽ മാഡ്രിഡിൽ തുടർന്നു. 5 വർഷക്കാലം കളിച്ചിട്ടും റയലിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന് എൻറിക്കെക്ക് തോന്നുകയായിരുന്നു.
അർഹിക്കുന്ന രൂപത്തിലുള്ള പ്രശംസകള്‍ റയൽ മാഡ്രിഡ് ആരാധകർ തനിക്ക് നൽകുന്നില്ല എന്നും അദ്ദേഹം മനസ്സിലാക്കി. പിന്നീട് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് അദ്ദേഹം ചേക്കേറിയത് ചിരവൈരികളായ എഫ്സി ബാഴ്സലോണയിലേക്കായിരുന്നു. ബാഴ്സ ആരാധകരുടെ പ്രീതി വളരെ വേഗത്തിൽ പിടിച്ചുപറ്റാൻ എൻറിക്കെക്ക് കഴിഞ്ഞു. പിന്നീട് തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിനെതിരെ എൻറിക്കെ ഗോളുകൾ നേടുകയും വലിയ രൂപത്തിൽ ആഘോഷിക്കുകയും ചെയ്തിരുന്നു.സാന്റിയാഗോ ബെർണാബുവിൽ അദ്ദേഹം നടത്തിയ ആഘോഷമൊക്കെ വളരെ പ്രശസ്തമായിരുന്നു.
ചുരുക്കത്തിൽ റയൽ മാഡ്രിഡിനെ അത്രയൊന്നും ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മറിച്ച് ബാഴ്സയായിരുന്നു ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട ക്ലബ്ബ്. പിന്നീട് ബാഴ്സയിൽ പരിശീലക വേഷത്തിലും എത്താൻ എൻറിക്കെക്ക് സാധിച്ചിരുന്നു.ബാഴ്സക്ക് അവസാനത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതും ഇദ്ദേഹമാണ്.എൻറിക്കെയുമായി ബന്ധപ്പെട്ട ഒരു പുതിയ ഡോക്യുമെന്ററി ഇപ്പോൾ മൂവി സ്റ്റാർ പുറത്തിറക്കുന്നുണ്ട്.അതിൽ അദ്ദേഹം പറഞ്ഞ ഒരു വാചകം വളരെ ശ്രദ്ധിയിട്ടുണ്ട്. റയൽ മാഡ്രിഡിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ് ബാഴ്സലോണ അന്ന് തന്നെ സൈൻ ചെയ്തത് എന്നാണ് എൻറിക്കെ വ്യക്തമാക്കിയിട്ടുള്ളത്.
അതായത് താരത്തെ കൊണ്ടുവരാൻ വലിയ ഒരു താല്പര്യമൊന്നും ബാഴ്സക്ക് ഇല്ലായിരുന്നു. പക്ഷേ റയലിനെ ചൊടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇദ്ദേഹത്തെ അവർ സൈൻ ചെയ്യുകയായിരുന്നു.എൻറിക്കെ പിന്നീട് ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം നടത്തുകയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. 8 വർഷക്കാലം ആയിരുന്നു അദ്ദേഹം ബാഴ്സയിൽ തുടർന്നത്. പിന്നീട് പരിക്കുകൾ വല്ലാതെ അലട്ടാൻ തുടങ്ങിയതോടെ അദ്ദേഹം ബാഴ്സയിൽ വച്ച് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ പരിശീലിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.