റയലിനെ കുറിച്ച് എനിക്കറിയില്ല,പക്ഷെ ബാഴ്സ എപ്പോഴും വിജയിക്കണം : സാവി
യുവേഫ യൂറോപ്പ ലീഗിന്റെ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫ്രാങ്ക്ഫർട്ടിനെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ വമ്പൻമാരായ ബാഴ്സയുള്ളത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ മത്സരത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.അതേസമയം ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡ് ചെൽസിയെ പരാജയപ്പെടുത്തിക്കൊണ്ട് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ പ്രവേശിച്ചിരുന്നു.
ഏതായാലും ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ബാഴ്സയുടെ പരിശീലകനായ സാവിയോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ റയലിന്റെ കാര്യം തനിക്കറിയില്ലെന്നും ബാഴ്സ എപ്പോഴും വിജയിക്കേണ്ടതുണ്ട് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 14, 2022
” ഞങ്ങൾ ബാഴ്സക്കാർ എപ്പോഴും ക്ലബ്ബിന്റെ ചരിത്രത്തിലേക്കാണ് നോക്കുക.നല്ല രൂപത്തിൽ കളിക്കാനുള്ള ഒരു അടിത്തറ ക്രൈഫ് ഉണ്ടാക്കി വെച്ചിട്ടുണ്ട്.നല്ല രൂപത്തിൽ കളിച്ചുകൊണ്ട് വിജയിക്കുക.അതാണ് കറ്റാലൻസ് ചെയ്യേണ്ടത്.റയൽ മാഡ്രിഡിൽ എങ്ങനെയാണ് എന്നുള്ളത് എനിക്കറിയില്ല.പക്ഷെ നല്ല കോമ്പിറ്റീറ്റീവായ ജീനാണ് മാഡ്രിഡിനുള്ളത്. പക്ഷേ ബാഴ്സക്ക് മറ്റൊരു സ്റ്റോറിയാണുള്ളത്.ബാഴ്സയിൽ നല്ല രൂപത്തിൽ കളിച്ചുകൊണ്ട് വിജയിക്കേണ്ടതുണ്ട്. ഇവിടെ താരതമ്യങ്ങൾ ചെയ്യേണ്ട ആവശ്യമില്ല.ഏറ്റവും ബുദ്ധിമുട്ടുള്ള,ഡിമാന്റിങ്ങായിട്ടുള്ള ക്ലബ്ബാണ് ബാഴ്സ. മികച്ച പ്രകടനം നടത്തിക്കൊണ്ട് വിജയിക്കുക എന്നുള്ളത് ഫുട്ബോളിൽ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അതുകൊണ്ടാണ് ബാഴ്സ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ക്ലബ്ബായി മാറുന്നത് ” ഇതാണ് സാവി പറഞ്ഞത്.
കഴിഞ്ഞ 15 മത്സരങ്ങളിൽ ഒന്നിൽ പോലും ബാഴ്സ പരാജയമറിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ബാഴ്സക്ക് സെമി പ്രവേശനം സാധ്യമാവുകയുള്ളൂ.