റഫറിയെ അപമാനിച്ചിട്ടില്ല:ബെല്ലിങ്ങ്ഹാമിന് പിന്തുണയുമായി ആഞ്ചലോട്ടി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു.വലൻസിയയാണ് റയലിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് വീതം ഗോളുകൾ നേടുകയായിരുന്നു. രണ്ട് ഗോളുകൾക്ക് പുറകിൽ പോയ റയൽ മാഡ്രിഡിനെ രക്ഷിച്ചത് വിനീഷ്യസ് ജൂനിയറാണ്. രണ്ട് ഗോളുകൾ അദ്ദേഹം നേടുകയായിരുന്നു.
മത്സരത്തിന്റെ അവസാനത്തിൽ ബെല്ലിങ്ങ്ഹാം ഒരു ഗോൾ നേടിയിരുന്നു. എന്നാൽ അതിന്റെ തൊട്ടുമുന്നേ റഫറി വിസിൽ മുഴക്കുകയായിരുന്നു. ഇത് വലിയ വിവാദമായി. ബെല്ലിങ്ങ്ഹാം ഉൾപ്പെടെയുള്ള റയൽ താരങ്ങൾ റഫറിയോട് ഇത് ചോദ്യം ചെയ്തു.ബെല്ലിങ്ങ്ഹാം റഫറിയെ തെറി വിളിക്കുകയും ചെയ്തു എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് റഫറി താരത്തിന് റെഡ് കാർഡ് നൽകുകയായിരുന്നു. ഏതായാലും ഇക്കാര്യത്തിൽ ബെല്ലിങ്ങ്ഹാമിനെ പിന്തുണച്ചുകൊണ്ട് റയൽ പരിശീലകനായ കാർലോ ആഞ്ചലോട്ടി രംഗത്ത് വന്നിട്ടുണ്ട്.റഫറിയെ ബെല്ലിങ്ങ്ഹാം അപമാനിച്ചിട്ടില്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
What do you think about this incident #RealMadrid#Bellingham#LaLigapic.twitter.com/7qiE2tkMoE
— 90MinFoot (@90minfoot_euro) March 3, 2024
“എനിക്ക് കൂടുതലായിട്ട് ഒന്നും പറയാനില്ല, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. വലൻസിയക്ക് പൊസഷൻ ഉണ്ടാകുമ്പോഴാണ് യഥാർത്ഥത്തിൽ റഫറി വിസിൽ മുഴക്കേണ്ടത്.ബെല്ലിങ്ങ്ഹാമിന്റെ റെഡ് കാർഡ് വളരെയധികം നിരാശപ്പെടുത്തുന്നു.കാരണം അദ്ദേഹം റഫറിയെ അപമാനിച്ചിട്ടില്ല. ആ ഗോളിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.താരങ്ങൾ എല്ലാവരും നല്ല ദേഷ്യത്തിലാണ്.ഞങ്ങൾ ശാന്തരാവേണ്ടതുണ്ട്. ഞങ്ങൾക്ക് ബുധനാഴ്ച വളരെ പ്രധാനപ്പെട്ട ഒരു മത്സരമുണ്ട് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡ് തന്നെയാണ്. 27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണ് അവർക്കുള്ളത്.എന്നാൽ ഇന്നലത്തെ മത്സരത്തിൽ രണ്ട് വിലപ്പെട്ട പോയിന്റുകൾ നഷ്ടമായത് റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലീപ്സിഗിനെയാണ് റയൽ മാഡ്രിഡ് നേരിടുക.