രണ്ടാഴ്ച്ച മുമ്പല്ലേ ഗോളടിച്ചത്, ഗോളുകൾ ഞങ്ങൾക്കൊരു പ്രശ്നമല്ല:ആഞ്ചലോട്ടി!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ലാസ് പാൽമസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് ലാസ് പാൽമസിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ റയൽ മാഡ്രിഡ് രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിക്കൊണ്ട് തിരിച്ചുവന്നിരുന്നു.

ലീഗിൽ രണ്ടു മത്സരങ്ങൾ കളിച്ചിട്ടും എംബപ്പേക്ക് ഗോളടിക്കാൻ കഴിയാത്തത് ഒരല്പം ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നാൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് ഇക്കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല. രണ്ടാഴ്ച്ച മുമ്പ് എംബപ്പേ റയലിനായി ഒരു ഗോൾ നേടിയതാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്. ഗോളുകൾ നേടുക എന്നുള്ളത് റയൽ മാഡ്രിഡിന് ഒരു പ്രശ്നമല്ലെന്നും ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേയെ കൂടാതെ ഞങ്ങൾക്ക് ഇവിടെ വിനീഷ്യസും റോഡ്രിഗോയുമുണ്ട്. ഒരുപാട് റിസോഴ്സുകൾ ഞങ്ങൾക്ക് ലഭ്യമാണ്. ടീം എപ്പോഴും മികച്ച നിലയിലേക്ക് എത്തിയിട്ടില്ല. എന്നിട്ട് പോലും ഈ സീസണിൽ 6 ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അത് ഒരുപാട് കാര്യങ്ങൾ തെളിയിക്കുന്നുണ്ട്,ഗോളുകൾ നേടുന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. അത് ഇതിലൂടെ തന്നെ നിങ്ങൾക്ക് വ്യക്തമാക്കുന്നതാണ്.എംബപ്പേ കൂടുതൽ പുരോഗതി കൈവരിച്ചു വരുന്നുണ്ട്.അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. മികച്ച രൂപത്തിൽ തന്നെയാണ് അഡാപ്റ്റേഷൻ മുന്നോട്ടുപോകുന്നത്.ഓഗസ്റ്റ് പതിനാലാം തീയതിയാണ് അദ്ദേഹം അവസാനമായി ഗോൾ നേടിയത്.അതായത് രണ്ടാഴ്ച മുൻപ് അദ്ദേഹം ഗോൾ നേടിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. കൂടുതൽ ഗോളുകൾ നേടാൻ അദ്ദേഹം വെമ്പി നിൽക്കുകയാണ് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ഒരുപിടി ഗോളവസരങ്ങൾ എംബപ്പേക്ക് ലഭിച്ചിരുന്നു.പക്ഷേ അതെല്ലാം അദ്ദേഹം പാഴാക്കുകയായിരുന്നു.ഇന്നത്തെ മത്സരത്തിൽ എങ്കിലും ആദ്യ ലാലിഗ ഗോൾ അദ്ദേഹം നേടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച രൂപത്തിൽ കളിച്ച ബ്രാഹിം,ഗൂലർ എന്നിവർ സ്റ്റാർട്ട് ചെയ്തേക്കുമെന്നും റൂമറുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *