യൂറോപ്പിൽ കോർട്ടുവയെ വെല്ലാൻ ആളില്ല, കണക്കുകൾ സംസാരിക്കുന്നു

ഇന്നലെ നടന്ന റയൽ മാഡ്രിഡ്‌-എസ്പാനോൾ മത്സരത്തിൽ ക്ലീൻഷീറ്റ് നേടിയ തിബൗട്ട് കോർട്ടുവ നിലവിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ താൻ തന്നെയെന്ന് അടിവരയിടുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം ലാലിഗയിൽ നേടുന്ന പതിനഞ്ചാമത്തെ ക്ലീൻഷീറ്റായിരുന്നു ഇന്നലത്തേത്. ഇരുപത്തിയൊമ്പത് ലാലിഗ മത്സരങ്ങളിൽ പതിനഞ്ചിലും ഗോൾ വഴങ്ങാതെ കാത്തുസൂക്ഷിക്കാൻ കോർട്ടുവക്കായി. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റ് നേടിയ ഗോൾകീപ്പർ എന്ന ഖ്യാതി ബയേൺ മ്യൂണിക്ക് കീപ്പർ ന്യൂയർക്കൊപ്പം പങ്കിടുകയാണ് റയൽ കീപ്പർ. പക്ഷെ ബുണ്ടസ്ലിഗയിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായാണ് ന്യൂയർ പതിനഞ്ച് ക്ലീൻഷീറ്റുകൾ നേടിയിട്ടുള്ളത്. കോർട്ടുവക്കാകട്ടെ ഇനി ആറു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഈ സീസണിലെ മൂന്ന് ലാലിഗ മത്സരങ്ങളിൽ താരം റയലിന്റെ വല കാത്തിട്ടില്ലായിരുന്നു. ആറു മത്സരങ്ങളിൽ നിന്ന് ഒരു ക്ലീൻഷീറ്റ് കൂടി നേടിയാൽ ന്യൂയറെ മറികടക്കാനാവും.

ലാലിഗ നൽകുന്ന സമോറ ട്രോഫിക്കുള്ള പോരാട്ടത്തിലും കോർട്ടുവ തന്നെയാണ് മുൻപന്തിയിൽ. രണ്ടാം സ്ഥാനത്താവട്ടെ അത്ലറ്റികോ മാഡ്രിഡ്‌ ഗോൾകീപ്പർ യാൻ ഒബ്ലക്കാണ്. കളിച്ച മത്സരങ്ങളും വഴങ്ങിയ ഗോളുകളും പരിഗണിച്ച് ഏറ്റവും കുറവ് റേഷ്യോ ആർക്കാണോ അവരാണ് സമോറ ട്രോഫിക്ക് അർഹരാവുന്നത്. നിലവിൽ കോർട്ടുവ ഇരുപത്തിയൊമ്പത് മത്സരങ്ങളിൽ നിന്ന് പതിനെട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്. താരം ഗോൾ വഴങ്ങിയതിന്റെ റേഷ്യോ 0.62 ആണ്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ഒബ്ലക്ക് മുപ്പത്തിയൊന്ന് മത്സരങ്ങളിൽ നിന്ന് 22 ഗോളുകളാണ് വഴങ്ങിയിട്ടുളത്. 0.71 ആണ് ഒബ്ലാക്കിന്റെ റേഷ്യോ വരുന്നത്. കഴിഞ്ഞ സീസണിൽ റയലിന്റെ മോശം പ്രകടനത്തിന് ഏറെ പഴികേട്ട താരങ്ങളിലൊരാളായ കോർട്ടുവ ഈ സീസണിലെ തകർപ്പൻ പ്രകടനത്തിലൂടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *