യുഗാന്ത്യത്തിന്റെ തുടക്കമോ? അതോ വെറും തിരിച്ചടിയോ?

ഇന്നലെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബാഴ്സ നാണംകെട്ട് പുറത്തായിരുന്നു. ബയേൺ മ്യൂണിക്കായിരുന്നു ബാഴ്സയെ 8-2 തോൽപ്പിച്ചു വിട്ടത്. എന്നാൽ പ്രീ ക്വാർട്ടറിൽ തന്നെ ലിയോണിനോട് അടിയറവ് പറഞ്ഞു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസും പുറത്തായിരുന്നു. ഇതോടെ ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്ന രണ്ട് അതികായകൻമാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും സെമി ഫൈനൽ കാണാതെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയായിരുന്നു. ഇരുവരുടെയും യുഗാന്ത്യത്തിന്റെ തുടക്കമാണോ ഈ പുറത്താവലുകൾ.അതോ വെറും തിരിച്ചടികൾ മാത്രമായി അവശേഷിച്ച് ഇരുവരും തിരിച്ചു വരുമോ?. യുഗാന്ത്യത്തിന്റെ തുടക്കമെന്ന് ഭയപ്പെടാനും കാരണമുണ്ട്. എന്തെന്നാൽ 2004-05 ചാമ്പ്യൻസ് ലീഗിന് ശേഷം ഇതാദ്യമായാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഉണ്ടാവുന്നത്. അതായത് ഇരുവരുടെയും പതിനഞ്ച് വർഷത്തോളം നീണ്ടു നിന്ന ഒരു ജൈത്രയാത്രക്ക് താൽകാലികവിരാമമായിരിക്കുന്നു.

മറ്റൊരു കാര്യം സ്പാനിഷ് ക്ലബുകളുടെ പതനമാണ്. പൊതുവെ മറ്റുള്ള ലീഗുകളെക്കാൾ മികച്ചവർ എന്ന് അവകാശപ്പെട്ടിരുന്നവർക്ക് ഇത്തവണ അടിപതറുന്നതാണ് കണ്ടത്. 2007-ന് ശേഷം ഇതാദ്യമായാണ് ഒരു സ്പാനിഷ് ക്ലബ് ഇല്ലാത്ത സെമി ഫൈനൽ കടന്നു പോവുന്നത്. പ്രീക്വാർട്ടറിൽ റയൽ സിറ്റിയോടും ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡ്‌ ലീപ്സിഗിനോടും ബാഴ്സ ബയേണിനോടും തോൽവി അറിഞ്ഞതോടെയാണ് സ്പാനിഷ് ആധിപത്യം അവസാനിച്ചത്. അതേസമയം മികച്ചവർ എന്ന് അവകാശപ്പെടുന്ന പ്രീമിയർ ലീഗിന്റെ ഏക പ്രതിനിധിയായ സിറ്റി ഇന്ന് ലിയോണിനെതിരെ ബൂട്ടണിയുന്നുണ്ട്. മോശം ലീഗുകൾ എന്ന് മുദ്രകുത്തപ്പെടുന്ന ബുണ്ടസ്‌ലിഗയും ലീഗ് വണ്ണും മികച്ച പ്രകടനമാണ് ഈ ചാമ്പ്യൻസ് ലീഗിൽ കാഴ്ച്ചവെക്കുന്നത്. ലീഗ് വണ്ണിലെ പിഎസ്ജി സെമിയിൽ എത്തിയപ്പോൾ ലിയോൺ ക്വാർട്ടറിൽ ഇന്ന് സിറ്റിയെ നേരിടും. ബുണ്ടസ്ലിഗയിലെ ബയേണും ലീപ്സിഗും സെമി ഫൈനൽ കണ്ടു കഴിഞ്ഞു. സിരി എയിലെ അറ്റലാന്റ ക്വാർട്ടറിൽ പൊരുതി തോൽക്കുകയായിരുന്നു.ലാലിഗ, പ്രീമിയർ ലീഗിലെ ക്ലബുകളോട് കിടപിടിക്കുന്ന പോരാട്ടം നടത്താൻ മറ്റുള്ള ലീഗിലെ ക്ലബുകൾക്കും ആവുന്നുണ്ടെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *