യമാൽ എംബപ്പേയുടേയും വിനിയുടേയും ലെവലിൽ: റിവാൾഡോ
കേവലം 17 വയസ്സ് മാത്രമുള്ള ലാമിൻ യമാൽ ഗംഭീര പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്.11 മത്സരങ്ങളാണ് ബാഴ്സലോണക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 5 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ യമാലിന് കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ ബാഴ്സ നടത്തുന്ന തകർപ്പൻ പ്രകടനത്തിന്റെ കാരണങ്ങളിൽ ഒരാൾ ലാമിൻ യമാൽ കൂടിയാണ്.
വലിയ പ്രശംസകളാണ് അദ്ദേഹത്തിന് ഫുട്ബോൾ ലോകത്തുനിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോയും അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.യമാൽ ഇപ്പോൾതന്നെ എംബപ്പേയുടേയും വിനിയുടേയും ലെവലിൽ എത്തിക്കഴിഞ്ഞു എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.യമാലിന് ഇനിയും ഒരുപാട് മുന്നോട്ടുപോകാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ബ്രസീലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“യമാൽ ഒരു മികച്ച താരമാണ്.ഈ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തിന് വലിയ ഒരു പേഴ്സണാലിറ്റി ഉണ്ട്.അതിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഇപ്പോൾതന്നെ വളരെ ഉയർന്ന ലെവലിൽ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.എംബപ്പേ,വിനി എന്നിവരുടെ അതേ ഉയരത്തിൽ എത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇനിയും അദ്ദേഹത്തിന് ഒരുപാട് ദൂരം മുന്നോട്ടു പോവാൻ കഴിയും.ഫുട്ബോൾ ആസ്വദിച്ചു കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്. ഇതിനോടകം തന്നെ യൂറോ കപ്പ് അദ്ദേഹം നേടി കഴിഞ്ഞു. വ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന ഒരു താരമാണ് അദ്ദേഹം. തീർച്ചയായും അവനു വലിയ ഭാവിയുണ്ട് “ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ യൂറോ കപ്പിൽ ഗംഭീര പ്രകടനം യമാൽ നടത്തിയിരുന്നു.തുടർന്ന് ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.ഇതിനോടകം തന്നെ ഒരുപാട് റെക്കോർഡുകൾ അദ്ദേഹം കുറിച്ചിട്ടുണ്ട്.ഫ്ലിക്ക് നിലവിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന താരം കൂടിയാണ് യമാൽ.