യമാൽ ഇല്ലാതെ ജയിക്കാനാവില്ലേ? ടീമിനോട് ചോദിക്കുമെന്ന് ഫ്ലിക്ക്
ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിൽ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സെൽറ്റ വിഗോയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് സെൽറ്റ വിഗോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. യുവ സൂപ്പർ താരമായ ലാമിൻ യമാൽ ഈ മത്സരത്തിൽ കളിച്ചേക്കില്ല.പരിക്ക് കാരണമാണ് അദ്ദേഹത്തിന് മത്സരം നഷ്ടമാകുന്നത്.
ഈ ലാലിഗയിൽ രണ്ട് തവണയാണ് ബാഴ്സലോണ പരാജയപ്പെട്ടിട്ടുള്ളത്. ആ രണ്ടു മത്സരങ്ങളിലും യമാൽ സ്റ്റാർട്ട് ചെയ്തിരുന്നില്ല. അതായത് യമാൽ ഇല്ലെങ്കിൽ ബാഴ്സലോണക്ക് ജയിക്കാനാവില്ലേ പത്രസമ്മേളനത്തിൽ ഫ്ലിക്കിനോട് ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യം താൻ തന്റെ ടീമിനോട് ചോദിക്കും എന്നാണ് ഫ്ലിക്ക് മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“യമാൽ ഇല്ലാതെ വിജയിക്കാൻ കഴിയില്ലേ എന്ന ഈ ചോദ്യം നല്ലൊരു ചോദ്യമാണ്. ഞാൻ എന്റെ ടീമിനോട് ഈ ചോദ്യം ചോദിക്കും.യമാൽ ഇല്ലാതെ കളിക്കാൻ ഞങ്ങൾക്ക് ഭയമൊന്നുമില്ല. കഴിഞ്ഞ റയൽ സോസിഡാഡിനെതിരെയുള്ള മത്സരത്തിൽ ഞങ്ങൾ മികച്ച രൂപത്തിൽ കളിച്ചിരുന്നില്ല.അത് യമാൽ കളിക്കാത്തത് കൊണ്ടല്ല. അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. പക്ഷേ അഡാപ്റ്റാവേണ്ട വേറെയും താരങ്ങൾ ഇവിടെ ഉണ്ട്. അദ്ദേഹം തിരിച്ച് വരുമ്പോൾ നമുക്ക് നോക്കാം “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടത് ബാഴ്സക്ക് ഒരല്പം ക്ഷീണം ചെയ്യുന്ന കാര്യമാണ്.എന്നിരുന്നാലും പോയിന്റ് പട്ടികയിൽ അവർ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. 13 മത്സരങ്ങളിൽ നിന്ന് 33 പോയിന്റ് നേടാൻ എഫ്സി ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്.ഇന്നത്തെ മത്സരത്തിൽ അവർ വിജയവഴിയിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.