യമാലിന് വേണ്ടി പിഎസ്ജി 200 മില്യൺ ഓഫർ ചെയ്തു: ബാഴ്സ പ്രസിഡന്റ് ലാപോർട്ട

ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി കൊണ്ട് വിലയിരുത്തപ്പെടുന്ന താരമാണ് ബാഴ്സലോണയുടെ ലാമിനെ യമാൽ. കേവലം 16 വയസ്സ് മാത്രമുള്ള താരം ഇപ്പോൾ തന്നെ ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറി.28 ലീഗ് മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും ആയി ഏഴ് ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു. ഇക്കാര്യം ബാഴ്സലോണ പ്രസിഡണ്ട് ആയ ജോയൻ ലാപോർട്ട സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് പിഎസ്ജി താരത്തിന് വേണ്ടി 200 മില്യൺ യൂറോ വാഗ്ദാനം ചെയ്തുവെന്നും എന്നാൽ തങ്ങൾ അത് നിരസിച്ചു എന്നുമാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലാമിനെ യമാലിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു ഓഫർ ലഭിച്ചിരുന്നു. 200 മില്യൺ യൂറോയുടെ ഓഫർ ആയിരുന്നു. പക്ഷേ ഞങ്ങൾ അതിനോട് നോ പറഞ്ഞു. കാരണം ഞങ്ങൾ അദ്ദേഹത്തിലും അദ്ദേഹത്തിന്റെ പ്രൊജക്ഷനിലും വിശ്വസിക്കുന്നുണ്ട്. അതുപോലെതന്നെ ബാൾഡേ,ഫെർമിൻ,ഗാവി,പെഡ്രി,ഡി ജോങ്,അരൗഹോ എന്നിവർക്കെല്ലാം ഓഫറുകൾ ലഭിച്ചിരുന്നു.എന്നാൽ ഈ താരങ്ങളെ ഒന്നും വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇവരെയെല്ലാം നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ആയിരം മില്യൺ യൂറോയെങ്കിലും നിങ്ങൾ നൽകണം ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.

അതായത് തങ്ങളുടെ യുവ താരങ്ങളെയൊന്നും വിൽക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് ലാപോർട്ട വ്യക്തമാക്കിയിട്ടുള്ളത്. ബാഴ്സലോണ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമാണ്. എന്നാൽ ക്ലബ്ബിന്റെ ഭാവി വാഗ്ദാനങ്ങളെ അവർ കൈവിടില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *