യമാലിന്റെയും ലെവയുടേയും പരിക്ക്, ഇന്റർനാഷണൽ ബ്രേക്ക് നഷ്ടമാകും!
കഴിഞ്ഞ ലീഗ് മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയൽ സോസിഡാഡ് അവരെ പരാജയപ്പെടുത്തിയത്. എന്നാൽ ഈ തോൽവിയെക്കാൾ അവരെ ആശങ്കപ്പെടുത്തുന്നത് രണ്ട് സൂപ്പർ താരങ്ങളുടെ പരിക്കാണ്. റോബർട്ട് ലെവന്റോസ്ക്കി,ലാമിൻ യമാൽ എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഇക്കാര്യം ബാഴ്സലോണ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
യമാലിന് ഗ്രേഡ് വൺ ഹൈ റൈറ്റ് ആങ്കിൾ സ്പ്രയിനാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടു മുതൽ 3 ആഴ്ച വരെ അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്ന കാര്യം ബാഴ്സ തന്നെ അറിയിച്ചിട്ടുണ്ട്. അതായത് ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല.സ്പെയിൻ ടീമിൽ നിന്നും താരം പിൻവാങ്ങിയിട്ടുണ്ട്.ഡെന്മാർക്ക്,സ്വിറ്റ്സർലാന്റ് എന്നിവർക്കെതിരെയാണ് സ്പെയിൻ നേഷൻസ് ലീഗ് മത്സരങ്ങൾ കളിക്കുന്നത്.
അതേസമയം റോബർട്ട് ലെവന്റോസ്ക്കിക്ക് ലോവർ ബാക്ക് ഇഞ്ചുറിയാണ്. ഏകദേശം 10 ദിവസത്തോളം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.അതായത് പോളണ്ടിന്റെ മത്സരവും അദ്ദേഹത്തിന് നഷ്ടമാകും.പോർച്ചുഗൽ,സ്കോട്ട്ലാന്റ് എന്നിവർക്കെതിരെയാണ് പോളണ്ട് മത്സരങ്ങൾ കളിക്കുന്നത്.ലെവന്റോസ്ക്കിയെ ഈ മത്സരങ്ങളിൽ അവർക്ക് ലഭ്യമായേക്കില്ല.
ബാഴ്സ ഇനി അടുത്ത മത്സരം നവംബർ 24 ആം തീയതിയാണ് കളിക്കുക. ആ മത്സരത്തിലേക്ക് ലെവന്റോസ്ക്കി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ യമാലിനെ ക്ലബ്ബിന് ലഭ്യമായേക്കില്ല.നിലവിൽ രണ്ട് പേരും തകർപ്പൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 14 ഗോളുകളും രണ്ട് അസിസ്റ്റുകളും ലീഗിൽ മാത്രമായി ലെവന്റോസ്ക്കി സ്വന്തമാക്കിയിട്ടുണ്ട്. 5 ഗോളുകളും 7 അസിസ്റ്റുകളുമാണ് യമാൽ ലാലിഗയിൽ നേടിയിട്ടുള്ളത്.